സിനിമയിൽ സംവിധാനത്തിന് പുറമേ കൈവച്ച എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച അച്ഛനും മകനുമാണ് ശ്രീനിവാസനും വിനീത് ശ്രീനിവാസനും. ശ്രീനിവാസന്‍ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തപ്പോൾ വിനീത് പ്രണയത്തിനും, സൗഹൃദത്തിനും, കുടുംബത്തിനും പ്രധാന്യം നല്‍കുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു.
ഇപ്പോൾ സിനിമാലോകത്ത് അച്ഛനും അച്ഛന്റെ സിനിമകളും തന്നെ ഏറെ സ്വാധീനിച്ചിരുന്നു എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ. ചെറുപ്പത്തില്‍ അച്ഛനൊപ്പം തിയേറ്ററില്‍ പോയി കണ്ടതില്‍ ഏറ്റവുമിഷ്ടപ്പെട്ട സിനിമ ‘തേന്മാവിന്‍ കൊമ്പത്താ’യിരുന്നു എന്നും എന്നാല്‍, ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുന്ന സിനിമ ‘സന്ദേശ’മാണെന്നും വിനീത് പറഞ്ഞു.
വിനീതിന്റെ വാക്കുകൾ :
‘ചെറുപ്പത്തില്‍ അച്ഛനൊപ്പം തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നു. തിയേറ്ററില്‍ കണ്ട സിനിമകളില്‍ അന്ന് ഏറെ ഇഷ്ടപ്പെട്ടത് ‘തേന്മാവിന്‍ കൊമ്പത്താ’ണ്. എന്നാല്‍, നമ്മള്‍ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടിവരുന്ന സിനിമ ‘സന്ദേശ’മാണ്.
രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനെക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണശൈലിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിനുശേഷം മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും സന്ദേശം കാലികപ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു. ‘ചിന്താവിഷ്ടയായ ശ്യാമള’, ‘മറവത്തൂര്‍ കനവ്’ എന്നീ സിനിമകളെല്ലാം രൂപപ്പെടുന്നതിനു മുമ്പേ അതിന്റെ ആശയങ്ങള്‍ അച്ഛന്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുന്നത് ഞാന്‍ കേട്ടിരുന്നു. ഇത്തരത്തിലൊരു അന്തരീക്ഷം വീട്ടില്‍ എപ്പോഴുമുണ്ടായിരുന്നു.
അതുപോലെ മികച്ച വിദേശസിനിമകളുടെ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. ഒരു മുറിയില്‍ അച്ഛന്റെ വലിയ പുസ്തകശേഖരവുമുണ്ട്. അച്ഛനില്ലാത്ത സമയത്ത് ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യും.
എഴുത്തില്‍ അച്ഛന്‍ കൊണ്ടുവന്ന പുതുമ തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടത്. സര്‍ക്കാസ്റ്റിക് ആയ രീതിയില്‍ വളരെ ആഴത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. എനിക്കിഷ്ടപ്പെട്ടിട്ടുള്ള അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്. നമുക്കുചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളില്‍ കാണാനാകും. ഒപ്പം അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം’.
Post Your Comments