GeneralLatest NewsNEWS

ഹരീഷ് കണാരൻ നായകനായ പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും

കോഴിക്കോടൻ ഭാഷയും ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിജോയ് ജോസഫാണ്.
മഹേഷ് നാരായണൻ, വി കെ പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവർത്തിച്ച് പോന്നിരുന്ന വ്യക്തിയാണ് ബിജോയ് ജോസഫ്.

ജെമിനി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്. ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിലെ നാം ഓരോരുത്തരുടേയും പ്രതിനിധിയായിത്തന്നെ കണക്കാക്കാം.

അജു വർഗീസ്, സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ, സീനത്ത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ – ബിജോയ് ജോസഫ്, തിരക്കഥ, സംഭാഷണം – പോൾ വർഗീസ്. ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം – ത്യാഗു തവനൂർ, കോസ്റ്റ്യൂം, ഡിസൈൻ – ലിജി പ്രേമൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂടീവ് – അഭിലാഷ് അർജുൻ, പ്രൊഡക്ഷൻ കൺട്രോളർ – റിച്ചാർഡ്.

വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്
ഫോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി.

shortlink

Related Articles

Post Your Comments


Back to top button