ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയില്‍ കുര്യന് മാളിയേക്കല്‍ എന്ന കഥാപാത്രമായാണ് ലാലു അലക്സ് വേഷമിടുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി തന്നെ ആദ്യം വിളിച്ചത് ആന്റണി പെരുമ്പാവൂരാണ് എന്നും, താന്‍ ചെയ്ത കഥാപാത്രം നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും സംവിധായകന് പൃഥ്വിരാജിനാണെന്നുമാണ് ലാലു അലക്സ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. ജനുവരി 26ന് ആണ് ബ്രോ ഡാഡി ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് റിലീസ് ചെയ്യുന്നത്.
ലാലു അലക്സിന്റെ വാക്കുകൾ :
‘ചിത്രത്തിലെ കഥാപാത്രത്തിനായി എന്നെ ആദ്യം വിളിച്ചത് ആന്റണി പെരുമ്പാവൂരാണ്. ‘ലാലുച്ചായാ രണ്ടു മൂന്നു മിനിട്ടിനുള്ളില്‍ പൃഥ്വി വിളിച്ച് കാര്യങ്ങള്‍ വിശദമായി പറയും’ എന്ന് ആന്റണി പറഞ്ഞു. കൃത്യമായി പൃഥ്വി വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. കഥയും കഥാപാത്രവും കേട്ടതു മുതല്‍ ത്രില്ലിലായിരുന്നു ഞാൻ. കോവിഡ് പ്രശ്നങ്ങള്‍ക്കിടയിലും എല്ലാവരും ഒത്തു ചേര്‍ന്ന് ആ പടം പൂര്‍ത്തിയാക്കി. ഒരു കോസ്മോപൊലീത്തന് സ്റ്റൈലിലുള്ള രസകരമായ ചിത്രം. ഷൂട്ടിംഗും ഡബ്ബിംഗുമെല്ലാം പൂര്‍ത്തിയാക്കി എല്ലാവരോടും സലാം പറഞ്ഞു പിരിഞ്ഞു.
കഴിഞ്ഞൊരു ദിവസം പൃഥ്വിരാജ് വിളിച്ചു. ‘ലാലുച്ചായാ ഒന്നു രണ്ടു ഷോട്ടുകളിലെ ചില എക്സ്പ്രഷന്‍ സൗണ്ടുകള്‍ ഒന്നു കൂടി എടുക്കേണ്ടി വരും.. സ്റ്റുഡിയോയില്‍ വരാമോ എന്നു ചോദിച്ചു.. അതിനെന്നാ ഞാൻ വന്നേക്കാം പക്ഷേ, ഒരു ചെറിയ സഹായം, ഡബ്ബ് ചെയ്യുമ്പോള്‍ പൃഥ്വിയും കൂടി അടുത്തുണ്ടെങ്കില്‍ സംഭവം പെര്‍ഫെക്ട് ആവും എന്നു പറഞ്ഞു.
തിരക്കിനിടയില്‍ നിന്ന് പൃഥ്വി ഓടി വന്നു. സ്റ്റുഡിയോയില്‍ എനിക്കൊപ്പമിരുന്നു. മുമ്പു ചെയ്ത സീന്‍ നോക്കിയപ്പോള്‍ പൃഥ്വി പറഞ്ഞത് ശരിയാണ്. ഒത്തിട്ടില്ല. വീണ്ടും സംവിധായകന് ആവശ്യപ്പെട്ടതു പോലെ ചെയ്തതോടെ സംഭവം ഓകെ. ഷൂട്ടിംഗില്‍ എന്റെ ഓരോ ഷോട്ടും പൂര്‍ത്തിയാക്കി കഴിഞ്ഞ് സംവിധായകനായ പൃഥ്വി ഓകെ, പെര്‍ഫെക്ട് എന്നൊന്നുമല്ല പറയുന്നത്. അതിനും മേലേയാണ്. അതോടെ നമ്മള്‍ക്കു ലഭിക്കുന്നത് ജില്.. ജില് എന്നൊരു ഫീലാണ്..
അവസാന ഷോട്ട് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ വന്ന് എന്നെയൊന്നു കെട്ടിപ്പിടിച്ചു. അവരൊക്കെ ഹൃദയം കൊണ്ടാണ് നമ്മളെ സ്നേഹിക്കുന്നത്. ബ്രോ ഡാഡി പൃഥ്വിയും ഭാര്യ സുപ്രിയയും പ്രൊഡക്ഷന്‍ കണ്ട്രോളര് ഹാരിസും ഒക്കെച്ചേര്‍ന്നു കണ്ടു. ഇതു ലാലു ചേട്ടന്റെ പടമാണ് എന്നാണ് പടം കണ്ടിട്ട് സുപ്രിയ പറഞ്ഞത്. ഇതിലെ കുര്യന് മാളിയേക്കല്‍ എന്ന എന്റെ കഥാപാത്രം നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ പരിപൂര്‍ണമായ ക്രെഡിറ്റ് സംവിധായകന് പൃഥ്വിക്കുള്ളതാണ്’.
Post Your Comments