കഴിഞ്ഞ ദിവസമായിരുന്നു നടി ഭാവനയുടെയും ഭര്‍ത്താവ് നവീന്റെയും നാലാം വിവാഹ വാര്‍ഷികം. വാർഷികദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം ‘എന്റേത്’ എന്ന ക്യാപ്‌ഷനോടെ ഭാവന പങ്കുവച്ചിരുന്നു. നടി ഭാവനയും കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. ഇപ്പോള്‍ താരങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ ഡോ. സൗമ്യ സരിന്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഡോ. സൗമ്യ സരിന്റെ വാക്കുകള്‍ :
അവരുടെ നാലാം വിവാഹവാര്‍ഷിക ദിനമായിരുന്നു. ആശംസകള്‍! നവീന്‍ എന്ന ഈ ചെറുപ്പക്കാരനെ അറിയാത്തവരായി ഇന്ന് മലയാളികള്‍ കുറവായിരിക്കും. മലയാളി അല്ലെങ്കിലും നമ്മുടെ മരുമകന്‍ ആയവന്‍. അല്ലെങ്കില്‍ നമ്മെ പലതും പഠിപ്പിച്ചവന്‍! ഈ പോസ്റ്റ് ഒരിക്കലും അയാളെ മഹത്വവത്കരിക്കാനല്ല. കാരണം അത് ചെയ്താല്‍ ഇന്ന് നാം ചെയ്തു കൊണ്ടിരിക്കുന്ന പലതും ‘ നോര്‍മല്‍ ‘ ആണെന്ന് പറയുന്ന പോലെ ആവും അത്. നവീന്‍ ഒന്നും അസാധാരണമായി ചെയ്തില്ല. അയാള്‍ ഒരാളെ ഇഷ്ടപെട്ടു. ആ വ്യക്തിക്ക് സംഭവിച്ച ഓരോ വിഷമഘട്ടത്തിലും അവളുടെ കൂടെ പാറ പോലെ ഉറച്ചു നിന്നു. ആരെന്തൊക്കെ ചെയ്താലും ‘ എനിക്ക് നീ മാത്രം മതി ‘ എന്ന തീരുമാനം നടപ്പിലാക്കി. അവര്‍ക്ക് ചുറ്റും നടന്നതൊന്നും അവരെ സ്പര്‍ശിച്ചില്ല. അവര്‍ ഒന്നാവുക തന്നെ ചെയ്തു.
സത്യത്തില്‍ ഇവിടെ എന്താണ് അസാധാരണമായുള്ളത്? ഒന്നുമില്ല. അസാധാരണമായത് നമ്മുടെ ചിന്ത ആണ്. അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളില്‍ ഉപദ്രവിക്കപ്പെടുന്ന പെണ്‍കുട്ടികളെ ‘ ഇരകള്‍ ‘ ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തില്‍ ‘ മാനഭംഗം ‘ എന്ന വാക്ക് തന്നെ എത്രത്തോളം ടോക്‌സിക് ആണ്! ആരുടെ മാനമാണ് ഭംഗപ്പെടുന്നത്? ആ പെണ്കുട്ടിയുടെയോ? എന്താണ് അതിലെ യുക്തി?! പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ രണ്ട് കാലുകള്‍ക്കിടയിലാണോ അതോ ഏതെങ്കിലും ശരീരഭാഗത്താണോ?
മാനം എന്നൊന്നില്ലാത്തതും ഭംഗപ്പെടുന്നതും ഇരയുടേതല്ല. മറിച്ചു വേട്ടക്കാരന്റേതാണ്! പക്ഷെ നമ്മള്‍ ഇരയുടെ മുഖം മറച്ചും പേര് പറയാതെ പറഞ്ഞുമൊക്കെ ആ പെണ്‍കുട്ടികളെ വീണ്ടും വീണ്ടും സമൂഹത്തിന്റെ മുന്‍ധാരയില്‍ നിന്ന് ആട്ടിയകറ്റുന്നു. തനിക്കെന്തോ പറ്റി എന്ന് അവരുടെ ഉപബോധമനസ്സില്‍ എഴുതി പിടിപ്പിക്കുന്നു. ശിഷ്ടകാലം ഈ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയന്ന് അവര്‍ ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കുന്നു.
നവീന്‍ മഹത്തായി ഒന്നും ചെയ്തില്ല. അയാള്‍ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്! മനസ്സ് കൊണ്ട് ആത്മാര്‍ഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേര്‍ത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാള്‍ സാധാരണക്കാരനാണ്. എന്ന് നമുക്ക് ഓരോരുത്തര്‍ക്കും ഇത്തരത്തില്‍ സാധാരണക്കാരാകാന്‍ പറ്റും? ‘മാനഭംഗപ്പെടുന്നത് ഇരയല്ല, വേട്ടക്കാരനാണ്’ എന്ന് തലയുയര്‍ത്തി പറയാന്‍ പറ്റും?’.
Post Your Comments