പ്രണവ് മോഹന്‍ലാൽ – വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹൃദയം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തില്‍ പ്രണവിന്റെ കൂട്ടുകരാനായ ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് യുവതാരം അശ്വത് ലാല്‍ ആണ്. ചിത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ആന്റണി. ആന്റണിയുടെ തമാശകളൊക്കെ തിയേറ്ററില്‍ ചിരി പടര്‍ത്തി കൊണ്ടിരിക്കുകയാണ്. പ്രണവിന്റേയും അശ്വത്തിന്റേയും കോമ്പിനേഷന്‍ സീനുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പ്രണവും താനും തമ്മില്‍ ആദ്യം ബോണ്ടിംഗ് ഉണ്ടായിരുന്നില്ല എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അശ്വത് പറയുന്നത്.
അശ്വതിന്റെ വാക്കുകൾ:
‘ഷൂട്ടിംഗ് തുടങ്ങും മുമ്പ് രണ്ടു ദിവസം സ്‌ക്രിപ്റ്റ് റീഡിംഗ് സെക്ഷന്‍ ഉണ്ടായിരുന്നു. പ്രണവും ഉണ്ടായിരുന്നു. ഞാനും പ്രണവും തമ്മില്‍ ഒരുപാട് കോമ്പിനേഷന്‍ സീനുകളുണ്ട്. പക്ഷെ പ്രണവും ഞാനും തമ്മില്‍ ഒരു ബോണ്ടിംഗ് വന്നിരുന്നില്ല. ഞാൻ പ്രണവിന്റെ കഥാപാത്രത്തോട് ദേഷ്യപ്പെടുകയും, തമാശ പറയുകയും എല്ലാം വേണം.
അതൊക്കെ നന്നായി ചെയ്യണമെങ്കില്‍ പ്രണവുമായി അടുപ്പം ഉണ്ടാക്കണം. എനിക്ക് അതിന് സാധിച്ചുമില്ല.
അങ്ങനെ ഈ വിഷമം താന്‍ വിനീതേട്ടനോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അതൊക്കെ ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് വിട്ടു. ആദ്യ സീന്‍ ട്രെയിനില്‍ വച്ചായിരുന്നു. പ്രണവിനോട് സൗഹൃദം ഉണ്ടാക്കാന്‍ ഞാൻ തീരുമാനിച്ചു. ‘ഞാന്‍ ആദ്യമായിട്ടാ സിനിമ, എനിക്ക് ഇതിന്റെ പരിപാടികള്‍ ഒന്നും അറിയില്ല. നമ്മള്‍ തമ്മില്‍ ഒരുപാട് സീന്‍സ് ഉണ്ട്. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അണ്‍കംഫര്‍ട്ടബിള്‍ ആയി ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അപ്പു അതെന്നോട് തുറന്നു പറയണം. ഞാന്‍ അത് മാറ്റിക്കോളം’ എന്ന് അപ്പുവിനോട് പറഞ്ഞു.
ഞാൻ പറഞ്ഞ് കഴിഞ്ഞ് പ്രണവ് തന്നെ ആശ്വസിപ്പിച്ച് എന്തെങ്കിലും പറയുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഒരു മൂളല്‍ മൂളിയിട്ട് പ്രണവ് തിരിഞ്ഞിരുന്നു. ഞാൻ അന്ധാളിച്ച് ഇരുന്നു. ഞാനും തിരിഞ്ഞിരുന്നു. ‘ഈശ്വരാ എന്തിനിത് പറഞ്ഞു. ഒന്നും പറയണ്ടായിരുന്നു. വിനീതേട്ടന്‍ പറയുന്നത് ചെയ്തിട്ട് അങ്ങ് പോയാല്‍ മതിയാരുന്നു’. വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ചു. കുറച്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ പ്രണവ് തന്നെ തട്ടി വിളിച്ചു. എന്നെ തോണ്ടിയിട്ട് ‘എനിക്കും ഈ പരിപാടി വലുതായിട്ട് അറിയത്തില്ല. ഞാന്‍ ചെയ്യുന്നതില്‍ നിനക്കെന്തെങ്കിലും അണ്‍കംഫര്‍ട്ട് ആയിട്ട് ഫീല്‍ ചെയ്യുകയാണെങ്കില്‍ എന്നോട് പറയണം. എന്ന് പറഞ്ഞു,’ അശ്വത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു.
അങ്ങനെയാണ് സൗഹൃദം തുടങ്ങുന്നത്. എല്ലാ കാര്യങ്ങളിലും സന്തുഷ്ടനായ വ്യക്തിയാണ് പ്രണവ്. വസ്ത്രം നന്നായില്ലെങ്കിലോ, ഭക്ഷണം ശരിയായില്ലെങ്കിലോ ഒന്നും പ്രണവിന് പരാതിയില്ല. വിനീത് ശ്രീനിവാസനൊപ്പം തുടക്കാരനായ ഒരാള്‍ക്ക് സിനിമ ലഭിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.
ഞാൻ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെ വിനീതേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന തുടങ്ങിയവര്‍ക്കെല്ലാം ഒപ്പമുള്ള അഭിനയവും രസമായിരുന്നു. ഹൃദയം നല്ലൊരു അനുഭവമായിരുന്നു’- അശ്വത് ലാല്‍ പറഞ്ഞു.
Post Your Comments