InterviewsLatest NewsNEWS

ചെറുപ്പം മുതല്‍ ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട്, എന്റെ പ്രവൃത്തിയാണ് അവര്‍ക്കുള്ള മറുപടി : മീനാക്ഷി

നായിക നായകന്‍ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ നമ്മുടെ മുന്നില്‍ എത്തി പിന്നീട് ഉടന്‍ പണം 2.0 എന്ന പരിപാടിയിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് മീനാക്ഷി. അതിനു ശേഷം മാലിക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായും മീനാക്ഷി എത്തി.

എന്നാല്‍ തന്റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച്‌ തുറന്ന് പറയുകയാണ് ഇപ്പോള്‍ മീനാക്ഷി. ചെറുപ്പം മുതൽ വളരെ ക്ഷീണിച്ച ശരീരപ്രകൃതം കാരണം വളരെയേറെ കളിയാക്കലുകൾ അനുഭവിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. തനിക്കു നേരെ ഉയരുന്ന കളിയാക്കലുകളെയെല്ലാം തള്ളിക്കളയുകയാണ് പതിവെന്നും, കളിയാക്കുന്നവർക്കുള്ള മറുപടിയാണ് തന്റെ ഇപ്പോളത്തെ ജീവിതമെന്നുമാണ് മീനാക്ഷി പറയുന്നത്.

മീനാക്ഷിയുടെ വാക്കുകള്‍ :

‘ചെറുപ്പം മുതല്‍ എന്റെ ഈ ശരീര പ്രകൃതം കാരണം ഒരുപാട് കളിയാക്കലുകള്‍ നേരിട്ടുണ്ട്. ആലപ്പുഴയില്‍ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെണ്‍കുട്ടിയാണ് ഞാന്‍. ആണ്‍കുട്ടികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്കും ചെയ്യാന്‍ നല്ല താത്പര്യമായിരുന്നു. ഞാന്‍ ചെയ്യുന്നതിനൊന്നും എന്റെ വീട്ടുകാര്‍ എതിര് പറഞ്ഞിട്ടില്ല, അവര്‍ വളരെ അധികം സപ്പോര്‍ട്ടീവ് ആയിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോൾ അവിടുത്തെ ഏറ്റവും ചെറിയകുട്ടിയായിരുന്നു ഞാന്‍, അതുകൊണ്ട് തന്നെ അവിടെ മുതലാണ് കളിയാക്കലുകള്‍ തുടങ്ങുന്നത്, ഹൈറ്റ് കുറവാണ്, മെലിഞ്ഞിട്ടാണ് എന്നൊക്കെ പറഞ്ഞ് എന്നെ ബോഡി ഷെയിമിങ് ചെയ്യുമ്ബോള്‍ ഞാന്‍ ദേഷ്യപ്പെട്ട് പ്രതികരിക്കാന്‍ തുടങ്ങി.

കുറച്ച്‌ വലുതായപ്പോള്‍ എനിക്ക് എയര്‍ ഹോസ്റ്റസ് ആകണെമന്നായിരുന്നു ആഗ്രഹം. അത് പറഞ്ഞപ്പോഴും പരിഹാസങ്ങള്‍ കേട്ടിരുന്നു. ക്യാബിന്‍ ക്രൂ ആകണമെങ്കില്‍ കുറച്ച്‌ നീളവും വണ്ണവും ഒക്കെ വേണം. കാണാന്‍ കുറച്ച്‌ ഭംഗി വേണം. കുറച്ച്‌ ഹോട്ട് ആയിരിക്കണം എന്നൊക്കെ സ്ഥിരം ഞാന്‍ കേട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ്.

പിന്നീട് ഇത്തരം കമന്റുകള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാതെയായി. ഞാന്‍ എന്നെ തന്നെ ഉൾക്കൊണ്ട് എന്റെ കുറവുകളെ അംഗീകരിച്ച്‌ എന്നെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടാന്‍ തുടങ്ങി. പ്ലസ്ടു കഴിഞ്ഞു. എവിയേഷന് പോയി. അപ്പോഴും ഞാന്‍ ഒച്ചപ്പാടും ബഹളവുമായി ഓടിച്ചാടി നടന്നു. അവിടെയും കളിയാക്കലുകള്‍ ഉണ്ടായിരുന്നു. എന്നെക്കാള്‍ സുന്ദരിയായ ഒരുപാട് പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും ഞാന്‍ മൈന്റ് ചെയ്തില്ല. ആത്മവിശ്വാസത്തോടെ ഞാന്‍ പിടിച്ചുനിന്നു.

പക്ഷെ ഏവിയേഷന്‍ ഇന്റര്‍വ്യുയില്‍ അവിടെ ഉള്ള ആര്‍ക്കും സെലക്ഷന്‍ കിട്ടിയില്ല, എനിക്ക് മാത്രം കിട്ടി. അതിന് കാരണം എന്റെ വായില്‍ കിടക്കുന്ന നാവ് ആണ്. സംസാരിക്കാനും കണ്‍വിന്‍സ് ചെയ്യാനും എനിക്ക് കഴിയും. ആ വിശ്വാസം എനിക്കുണ്ടായിരുന്നു. അങ്ങനെ നല്ല സാലറിയില്‍ ഞാന്‍ ജോലിക്ക് കയറി. അവിടെനിന്നുമാണ് നായിക നായകന്‍ എന്ന ഒഡിഷനില്‍ എത്തിയത്, ആദ്യം അവരും എന്നെ സെലക്‌ട് ചെയ്തിരുന്നില്ല. അവിടെയും നാവ് കൊണ്ടാണ് പിടിച്ചു കയറിയത്.

ശേഷം എനിക്ക് മാലിക് എന്ന സിനിമയില്‍ ഒരു അവസരം കിട്ടിയെന്ന് എന്റെ കൂട്ടുകാരിയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് ഈ ശരീരവും വച്ചാണോ നീ ഫഹദിന്റെ മകളാകുന്നത്. അപ്പോള്‍ ഒന്നും മറുപടി പറഞ്ഞില്ല. എന്നെ സ്‌ക്രീനില്‍ കണ്ട് കൈയ്യടിച്ചാല്‍ മതി എന്നായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഞാന്‍ അതിന് മറുപടി കൊടുക്കാന്‍ പോകാറില്ല. കളിയാക്കുന്നവര്‍ എന്റെ മറുപടി അര്‍ഹിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം.

എന്റെ പ്രവൃത്തിയാണ് അവര്‍ക്കുള്ള മറുപടി.ആരോഗ്യമുള്ള ശരീരമാണ് നമുക്ക് ഉള്ളത് എങ്കില്‍, ആ ശരീരത്തില്‍ നമ്മള്‍ സംതൃപ്തരാണ് എങ്കില്‍ മറ്റുള്ളവരുടെ കുറ്റം പറച്ചിലുകള്‍ നമ്മളെ ബാധിക്കില്ല. നമ്മള്‍ എങ്ങിനെയാണോ അങ്ങനെ തന്നെ തുടരുക. മറ്റുള്ളവര്‍ക്ക് ഇഷ്ടങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതില്ല. എല്ലാവര്‍ക്കും അവരവരുടേതായ കഴിവും സൗന്ദര്യവും ഉണ്ട്’- മീനാക്ഷി പറഞ്ഞു.

shortlink

Post Your Comments


Back to top button