മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാൽ – വിനീത് ശ്രീനിവാസന് ചിത്രം ‘ഹൃദയം’ ജനുവരി 21 ന് റിലീസ് ചെയ്യും. ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിൽ.
വിശാഖിന്റെ വാക്കുകൾ :
‘പ്രണവും ഞാനും ഫാമിലി ഫ്രണ്ട്സ് ആണ്. മുത്തച്ഛന്മാര് തമ്മിലുള്ള സുഹൃത്തുക്കളാണ്. പ്രണവിനെ വച്ച് വിനീത് ഒരു സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. മെറിലാന്റ് റീലോഞ്ച് ചെയ്യുമ്പോൾ അത് വിനീതിന്റെ സിനിമയിലൂടെ ആകണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആദി കണ്ടപ്പോള്‍ ഞാന്‍ വിനീതിനോട് പറഞ്ഞിരുന്നു, അപ്പുവിനെ വച്ച് എന്നെങ്കിലും ഒരു സിനിമ ചെയ്യണമെന്ന് തോന്നുകയാണെങ്കില്‍ എന്നോട് പറയണമെന്ന്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ തിരക്കഥ എഴുതിക്കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ. ‘ഇല്ലെടാ ഒരു യാത്രയെക്കെ പോകണ’മെന്ന് പറഞ്ഞു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം. ചെന്നൈയില്‍ എവിഎം സ്റ്റുഡിയോയില്‍ വിനീത് ഡബ് ചെയ്യുകയായിരുന്നു. ഞങ്ങളും ചെന്നൈയിലുണ്ടായിരുന്നു. ഞങ്ങള്‍ വിനീതിനെ കാണാന്‍ പോയി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പറയുകയായിരുന്നു അപ്പുവിനെ വച്ചൊരു സിനിമ ആലോചിക്കുന്നുണ്ടെന്ന്. കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാന്‍ തലയുയര്‍ത്തി നോക്കി. അടുത്തിരുന്ന അജുവും നോക്കി. നിങ്ങള്‍ ദയവുചെയ്ത് ആരോടും പോയി പറയരുതെന്ന് പറഞ്ഞു. ലവ് ആക്ഷന്‍ ഡ്രാമയുടെ സമയത്ത് ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു ‘എന്തായി എന്തായി’ എന്ന്.
സുചിത്ര ചേച്ചിയോടും ഞാന്‍ സംസാരിച്ചിരുന്നു. ആദി കഴിഞ്ഞപ്പോള്‍ ആരുടെ കൂടെ പടം ചെയ്യണമെന്ന് ചേച്ചി ചോദിച്ചിരുന്നു. വിനീതിന്റെ കൂടെ പടം ചെയ്യണമെന്നും അതായിരിക്കും അപ്പുവിന്റെ കരിയറിലെ അടുത്തൊരു ചുവടെന്നും ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങളുടെ ആഗ്രഹം സഫലമാകാന്‍ ഈ പ്രപഞ്ചം കൂടെ നില്‍ക്കുകയായിരുന്നു. സിനിമ കണ്ടപ്പോള്‍ പ്രണവ് അല്ലാതെ വേറൊരാളെ എനിക്ക് ഈ കഥാപാത്രമായി ചിന്തിക്കാനാകില്ല. ഞാന്‍ ചുമ്മ പറഞ്ഞൊരു കാര്യം സംഭവിച്ചതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.
Post Your Comments