Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

മമ്മൂട്ടിയും ശബാന ആസ്മിയും എം ടിയും സന്തോഷ് ശിവനും ഒന്നിക്കുന്ന അന്തര്‍ദേശീയ നിലവാരമുള്ള സിനിമ എന്ന സ്വപ്നം നടന്നില്ല

എം ടി വാസുദേവന്‍ നായര്‍ ഒരുക്കുന്ന കഥയില്‍ മമ്മൂട്ടിയും ശബാനാ ആസ്മിയും സന്തോഷ് ശിവനും ഒരുമിച്ച് വരുന്ന അന്തര്‍ദേശീയ നിലവാരമുള്ള സിനിമ എന്ന സ്വപ്നം നടന്നില്ലെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. മമ്മൂട്ടിയും ബോളിവുഡ് താരം ശബാന ആസ്മിയും നായികാനായകന്‍മാരായി എത്തേണ്ടിയിരുന്ന എ ടിയുടെ ‘വാനപ്രസ്ഥം’ എന്ന കഥയുടെ സിനിമ ഒരുക്കാനിരുന്നതിനെ കുറിച്ചാണ് ‘ജോണ്‍ പോള്‍ സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു’ എന്ന പുസ്തകത്തിലാണ് തിരക്കഥാകൃത്ത് പറയുന്നത്.

എം ടിയുടെ കഥയില്‍ മമ്മൂട്ടിയുടെ നായികയാകാന്‍ ശബാന ആസ്മി സമ്മതിച്ചിരുന്നു. എന്നാല്‍ കുറച്ച് സാവകാശം വേണമെന്ന് എം ടി ആവശ്യപ്പെട്ടതിനാല്‍ ആ സിനിമ നടന്നില്ല. എംടിയുടെ ‘വാനപ്രസ്ഥ’ത്തെ ആധാരമാക്കി ബി കണ്ണന്‍ ആണ് 2001ല്‍ ‘തീര്‍ത്ഥാടനം’ എന്ന ചിത്രം ചെയ്തതെന്ന് ജോണ്‍ പോള്‍ പറയുന്നു.

ജോണ്‍ പോളിന്റെ വാക്കുകള്‍:

‘എം ടി സംവിധാനം ചെയ്യുന്നു, ‘വാനപ്രസ്ഥ’മാണ് കഥ. അതില്‍ മാഷിന്റെ വേഷം അഭിനയിക്കണമെന്ന് പറഞ്ഞാല്‍, മമ്മൂട്ടി തയ്യാറാവും. മമ്മൂട്ടിക്കത് വേണ്ടെന്ന് പറയാനാവില്ല. മമ്മൂട്ടിക്ക് അതിമനോഹരമായി ആ വേഷം അഭിനയിക്കുവാനും കഴിയും. അപ്പുറത്ത് വിനോദിനി എന്ന നായികാകഥാപാത്രം മമ്മൂട്ടിയോടൊപ്പം അന്ന് വേണമെങ്കില്‍ സുഹാസിനിക്ക് അഭിനയിക്കാം. പക്ഷേ, അതൊരു സാധാരണ കോമ്പിനേഷന്‍ ആയിപ്പോകും.

പിന്നെ അങ്ങനെയിരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ എന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടനം ചെയ്യുന്നത് എം ടിയാണ്. അതിലെ ഒരു റെട്രോസ്പക്ടീവ് ഉദ്ഘാടനം ചെയ്യുന്നത് ശബാനാ ആസ്മിയാണ്. ഞങ്ങള്‍ മൂന്നു പേരും താമസിക്കുന്നതു ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്‍ റെഗസ്റ്റ് ഹൗസിലാണ്. വൈകുന്നേരങ്ങളില്‍ വാസുവേട്ടന്‍ മുകളിലെ മുറിയിലായിരിക്കും. ഞാന്‍ താഴെ.

ശബാനാ മുകളിലെ രണ്ടാമത്തെ മുറിയില്‍. ശബാനാ താഴെ വന്നു. ഞങ്ങള്‍ ഒരു ഡ്രിങ്ക് ഷെയര്‍ ചെയ്തിരിക്കുന്നതിനിടയില്‍ ഞാന്‍ ‘വാനപ്രസ്ഥം’ കഥയുടെ ഒരു ചുരുക്കം പറഞ്ഞു. വളരെ കുറച്ച് വാചകങ്ങളേ വിനോദിനി സംസാരിക്കുന്നുള്ളല്ലോ. ആ ധൈര്യത്തില്‍ അവര്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഞാന്‍ ചോദിച്ചു. ‘വിനോദിനിയുടെ വേഷം ചെയ്യാമോ?’

ഒരു നിമിഷം അവരെന്റെ മുഖത്ത് പകച്ചു നോക്കി പിന്നെ നുണക്കുഴി തെളിച്ചു പ്രസാദ മധുരമായി ചിരിച്ചു. ‘എം ടി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുക എനിക്ക് ബഹുമതിയാണ്’. ഞാനത് വാസുവേട്ടനോട് അപ്പോഴൊന്നും പറഞ്ഞില്ല. എന്റെ മനസില്‍ ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ് ഉരുവാകുന്നത്. എം ടി രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ഛായാഗ്രഹണമേഖലയിലേക്ക് മനസ്സില്‍ കണ്ടത് സന്തോഷ് ശിവനെയാണ്.

എപ്പോഴോ ഒരിക്കല്‍ സന്തോഷിനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഓടി നടന്ന് കാര്യങ്ങള്‍ നടത്തേണ്ട സ്ഥലത്ത്, എം ടിക്കുള്ള ശാരീരികപരാധീനതകളെ മറികടക്കാന്‍ ഛായാഗ്രാഹകനെന്ന നിലയ്ക്കു പുറമെയും സന്തോഷ് ശിവന്‍ കൂടെയുണ്ടാവും. മമ്മൂട്ടിയും ശബാനാ ആസ്മിയും എം ടിയും സന്തോഷ് ശിവനും ഒരുമിച്ച് വരുന്ന അന്തര്‍ദേശീയ നിലവാരമുള്ള സിനിമ എന്നതായി സ്വപ്നം.

എന്നാല്‍ ‘വാനപ്രസ്ഥം’ ചെയ്യാന്‍ തനിക്ക് കുറച്ചു കൂടി സാവകാശം വേണം എന്ന് എം ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ സിനിമ നടന്നില്ല. പകരം എം ടി – ജോണ്‍ പോള്‍ കൂട്ടുകെട്ടില്‍ ഉരുത്തിരിഞ്ഞു വന്നത് ‘ഒരു ചെറുപുഞ്ചിരി’ എന്ന ചിത്രമാണ്. എംടിയുടെ ‘വാനപ്രസ്ഥ’ത്തെ ആധാരമാക്കി ബി. കണ്ണന്‍ 2001-ല്‍ ‘തീര്‍ത്ഥാടനം’ എന്ന ചിത്രം സംവിധാനം ചെയ്തു. അതില്‍ മുഖ്യ വേഷങ്ങളിലെത്തിയത് ജയറാം, സുഹാസിനി എന്നിവരാണ്.’

shortlink

Related Articles

Post Your Comments


Back to top button