CinemaGeneralMollywoodNEWS

പാർവതിയുടെ ‘സെക്സ് റാക്കറ്റ്’ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ സ്ത്രീപക്ഷ സർക്കാരിന് കഴിയാത്തത് എന്ത്?: ശാരദക്കുട്ടി

മലയാള സിനിമയിൽ സെക്സ് റാക്കറ്റ് ഉണ്ടെന്നും ജീവഭയം കൊണ്ടാണ് അതിനെ കുറിച്ചോന്നും പറയാത്തതെന്നും വെളിപ്പെടുത്തിയ നടി പാർവതി തിരുവോത്തിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി വാസ്തവം പുറത്തുകൊണ്ടുവരാൻ സ്ത്രീപക്ഷ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. പാർവതി പരാതിപ്പെട്ടിട്ട് ദിവസങ്ങളായിട്ടും പോലീസ് ഇതുവരെ എഫ്.ഐ.ആർ ഇട്ട് പരാതി അന്വേഷിക്കാൻ തയ്യാറാകാത്തത് എന്താണെന്ന് ശാരദക്കുട്ടി ചോദിക്കുന്നു.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ജസ്റ്റിസ് ഹേമ കമ്മീഷനോ കമ്മിറ്റിയോ എന്ന് അവരുടെ നിയമന ഉത്തരവു നോക്കിയാൽ തിരിച്ചറിയാവുന്നതേ ഉള്ളു . കമ്മിറ്റിയുടേതാണെങ്കിൽ കണ്ടെത്തലുകൾ നിയമസഭയിൽ വെക്കേണ്ടതില്ല എന്ന സാങ്കേതികത്വം മനസ്സിലാക്കുന്നു. ഇത് Wcc ക്ക് നേരത്തെ അറിയില്ലായിരുന്നു എന്നത് അമ്പരപ്പിക്കുന്നു. കമ്മിറ്റിയാണ് , കമ്മീഷനല്ല, സാങ്കേതികത്വങ്ങളിൽ വ്യത്യാസമുണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെടുത്തുവാൻ WCC ക്ക് ഒരു ലീഗൽ അഡ്വൈസർ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് കഴിയേണ്ടതായിരുന്നില്ലേ ? സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽ ബോധ്യമുള്ള നടിയാണ് പാർവ്വതി. അങ്ങനെ അവർ വിശ്വസിച്ച് മൊഴി നൽകിയത് സർക്കാർ നിയമിച്ച ഹേമ കമ്മീഷനോ / കമ്മിറ്റിയോ അതിനു മുന്നിലാണ്. ഒരു കോടിയിലധികം തുക പ്രതിഫലം കൈപ്പറ്റിയ വ്യക്തിയാണ് അതിന്റെ തലപ്പത്ത്.

അതങ്ങനെ നിൽക്കട്ടെ എന്നു വെച്ചാൽ തന്നെ, താൻ തൊഴിൽ ചെയ്യുന്നിടത്ത് ക്രിമിനലുകൾ ഉണ്ടെന്നും പീഡനങ്ങൾ നടക്കുന്നുണ്ടെന്നും ജീവഭയം കൊണ്ടാണ് പേരുകൾ പുറത്തു പറയാത്തതെന്നും മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത് മലയാള സിനിമയിലെ പാർവ്വതി തിരുവോത്ത് എന്ന പ്രമുഖയായ ഒരു നടിയാണ്. എന്താണ് സ്ത്രീപക്ഷത്തുണ്ടെന്നു പറയുന്ന സർക്കാർ അടിയന്തിരമായി ചെയ്യേണ്ടിയിരുന്നത് ? ഒരു FIR ഇട്ട് അന്വേഷണം നടത്തി വാസ്തവം പുറത്തു കൊണ്ടു വരണ്ടേ? എത്ര ദിവസമായി അവർ ഈ പരാതി പറഞ്ഞിട്ട് ? കന്യാസ്ത്രീമഠത്തിൽ ആരെയും ആരും കെട്ടിയിട്ടിട്ടില്ല, പോകേണ്ടവർക്കു പോകാം എന്ന് പി സി ജോർജ് പറഞ്ഞതും സിനിമ മേഖല ശരിയല്ലെങ്കിൽ പരാതി പറയാതെ ഇറങ്ങി പോകാമെന്ന് ഹേമ കമ്മീഷൻ അംഗമായ നടി ശാരദ പറഞ്ഞതും ഒരേ മനോഭാവം തന്നെ. “ഇവിടം ഇങ്ങനെയൊക്കെയാണ് , ആൺധാർഷ്ട്യങ്ങളേ ഇവിടെ നടക്കൂ, നിങ്ങൾക്കു കീഴടങ്ങാനാവില്ലെങ്കിൽ മിണ്ടാതെ പൊയ്ക്കോണം” എന്നു തന്നെയാണതിനർഥം. സർഗ്ഗാത്മകമായ തൊഴിലിടങ്ങൾ സ്ത്രീകൾക്ക് അപ്രാപ്യമാകരുത്. സംശയങ്ങൾ തീർത്തു തരാൻ സർക്കാരിന് കഴിയണം.

shortlink

Related Articles

Post Your Comments


Back to top button