നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നിർമ്മിച്ച് അഭിനയിച്ച ‘മേപ്പടിയാന്’ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇതിനിടെ സിനിമയെ മനഃപൂർവ്വം തകർക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണത്തെ വിമർശിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ രംഗത്ത്. കാവലും മരക്കാറും ഇറങ്ങിയപ്പോഴുണ്ടായ അതേ രീതിയിലുള്ള ആക്രമണമാണു മേപ്പടിയാനും ഇറങ്ങിയ ദിവസം മുതൽ തന്നെ നേരിട്ടു കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘സേവാഭാരതിയുടെ വാഹനവും ബിജെപിക്കാരുമൊന്നും സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്ന് ആരെങ്കിലുമൊക്കെ വാശി പിടിക്കുന്നുണ്ടെങ്കിൽ അവരേത് ലോകത്തിൽ ജീവിക്കുന്നവരാണ്? രാഷ്ട്രീയവും മതവും കലയുമായി കൂട്ടി കെട്ടുന്നത് ആരാണെന്നും, അവരുടെ അജണ്ട എന്താണെന്നും മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല. മോഹൻലാൽ ഹിസ് ഹൈനെസ്സ് അബ്ദുള്ളയായും മമ്മൂട്ടി നരസിംഹ മന്നാടിയാരായും രൂപം പ്രാപിക്കുന്നത് കണ്ട് കയ്യടിച്ചിട്ടുള്ളവരാണു മലയാളി പ്രേക്ഷകർ. അവരുടെ മനസ്സിലേക്ക് മതം കുത്തിവെക്കുന്നത് സിനിമയെ കൊല്ലാൻ ആഗ്രഹിക്കുന്നവരാണ്. മേപ്പടിയാൻ സിനിമ ആസ്വദിക്കാനാകുന്നതാണെങ്കിൽ ആരൊക്കെ ഫത്വകൾ പുറപ്പെടുവിപ്പിച്ചാലും മലയാളി പ്രേക്ഷകൻ അതിനെ സ്വീകരിക്കുക തന്നെ ചെയ്യും’, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
മേപ്പടിയാൻ എന്ന സിനിമ ഇത് വരെ കാണാൻ സാധിച്ചിട്ടില്ല. തിരക്കൊഴിഞ്ഞ് ഒരു ദിവസം കാണണം. ചിലപ്പോൾ ഓടിടിയിൽ വന്നതിനു ശേഷമാകാം എന്ന് കരുതി കാത്തിരുന്നേനെ. പക്ഷെ ഇനി അത് തീയറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കും. കാവലും മരക്കാറും ഇറങ്ങിയപ്പോഴുണ്ടായ അതേ രീതിയിലുള്ള ആക്രമണമാണു മേപ്പടിയാനും ഇറങ്ങിയ ദിവസം മുതൽ തന്നെ നേരിട്ടു കൊണ്ടിരിക്കുന്നത്. നായകൻ കുറി തൊടുന്നു, സേവാഭാരതിയുടെ പേരെഴുതിയ വാഹനം കാണിക്കുന്നു, ശബരിമലയെ പറ്റി സംസാരിക്കുന്നു എന്നൊക്കെയാണു ആരോപണങ്ങൾ വരുന്നത്.
സേവാഭാരതിയുടെ വാഹനവും ബിജെപിക്കാരുമൊന്നും സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്ന് ആരെങ്കിലുമൊക്കെ വാശി പിടിക്കുന്നുണ്ടെങ്കിൽ അവരേത് ലോകത്തിൽ ജീവിക്കുന്നവരാണ് ? 16 ശതമാനത്തിനടുത്ത് വോട്ടും നിരവധി തദ്ദേശ ജനപ്രതിനിധികളുമായി കേരളത്തിലെ പൊതുസമൂഹത്തിനിടയിൽ ഒളിച്ചുവക്കലുകളില്ലാതെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണു ബിജെപി. അവശ്യമായ സാഹചര്യങ്ങളിലൊക്കെയും സഹായഹസ്തവുമായി ഇന്നാട്ടിലെ ജനങ്ങൾക്ക് മുൻപിൽ എത്തിയിട്ടുള്ള സംഘടനയാണു സേവാഭാരതി. ഒരു നാടിനെ പ്രതിനിധീകരിക്കുന്ന കഥയിൽ ഈ വലിയ കൂട്ടം മനുഷ്യർ കൂടി ഉൾപ്പെടാതെ പോകുന്നുണ്ടെങ്കിൽ അതിലാണു അസ്വഭാവികത തോന്നേണ്ടത്. രാഷ്ട്രീയവും മതവും കലയുമായി കൂട്ടി കെട്ടുന്നത് ആരാണെന്നും, അവരുടെ അജണ്ട എന്താണെന്നും മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല.
മോഹൻലാൽ ഹിസ് ഹൈനെസ്സ് അബ്ദുള്ളയായും മമ്മൂട്ടി നരസിംഹ മന്നാടിയാരായും രൂപം പ്രാപിക്കുന്നത് കണ്ട് കയ്യടിച്ചിട്ടുള്ളവരാണു മലയാളി പ്രേക്ഷകർ. അവരുടെ മനസ്സിലേക്ക് മതം കുത്തിവെക്കുന്നത് സിനിമയെ കൊല്ലാൻ ആഗ്രഹിക്കുന്നവരാണ് . മേപ്പടിയാൻ സിനിമ ആസ്വദിക്കാനാകുന്നതാണെങ്കിൽ ആരൊക്കെ ഫത്വകൾ പുറപ്പെടുവിപ്പിച്ചാലും മലയാളി പ്രേക്ഷകൻ അതിനെ സ്വീകരിക്കുക തന്നെ ചെയ്യും. ഉണ്ണി മുകുന്ദനും മേപ്പടിയാൻ ടീമിനും കുപ്രചരണങ്ങൾ തള്ളിക്കളഞ്ഞു തീയേറ്ററിലേക്കൊഴുകിയെത്തിയ മലയാളി പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ .
Post Your Comments