അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രേഷ്മ രാജന്‍. നഴ്‌സായ അന്ന ആലുവയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ലിജോ ജോസ് ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. ഇപ്പോള്‍ നഴ്‌സിംഗ് എന്ന പ്രൊഫഷനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും, കോവിഡ് കാലത്ത് കൊച്ചി മെഡിക്കല്‍ കോളേജില്‍ വിളിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റുമോ എന്ന് അന്വേഷിച്ചിരുന്നതായും പറയുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്ന.
അന്ന രാജന്റെ വാക്കുകള്‍ ഇങ്ങനെ,
‘കൊറോണ പടര്‍ന്ന സമയത്ത് കൊച്ചി മെഡിക്കല്‍ കോളേജിലാണ് കൊറോണ യൂണിറ്റ് തുടങ്ങിയത്. ഞാന്‍ അവിടെയായിരുന്നു പഠിച്ചത്. ഒരു ദിവസം ഞാനവിടെ പഠിപ്പിക്കുന്ന സാറിനെ വിളിച്ചു, ‘അവിടെ നഴ്സുമാരെ വേണമെന്ന് പറയുന്നുണ്ട്. എനിക്കു വന്ന് അവിടെ ജോയിന്‍ ചെയ്യാന്‍ പറ്റുമോ’യെന്ന് ചോദിച്ചു. സാര്‍ അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു. പിന്നീട് അവിടത്തെ പ്രോട്ടോകോള്‍ പ്രകാരം അങ്ങനെ കയറാന്‍ പറ്റില്ല. സ്പെഷല്‍ അനുമതിയൊക്കെ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനത് വിട്ടു.
കൊറോണ യൂണിറ്റില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും ഭയങ്കര ടെന്‍ഷനായിരുന്നു. ഡ്യൂട്ടി കഴിയുന്ന ദിവസം വരെ തിരിച്ചു വരാന്‍ പറ്റില്ല. ആശുപത്രിയില്‍ തന്നെയായിരിക്കും താമസം. അതൊക്കെ ഓര്‍ത്ത് അവര്‍ക്ക് നല്ല പേടിയായിരുന്നു. എന്തായാലും പോവാന്‍ പറ്റിയില്ല.
വേറൊരു കാര്യമെന്താണെന്നു വച്ചാല്‍, നഴ്സിംഗ് പ്രൊഫഷന്‍ നിലനിര്‍ത്താന്‍ നമ്മള്‍ എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല. അല്ലാതെയും പറ്റും. വീട്ടിലാണെങ്കിലും അയല്‍പക്കത്താണെങ്കിലും സെറ്റിലാണെങ്കിലും പലരും ഓരോ സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കും. ഈ മരുന്ന് കഴിക്കാന്‍ പറ്റുമോ, ഈ മരുന്നിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ. ചില സെറ്റുകളില്‍ രാത്രി എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്പോള്‍ ഇന്‍ജെക്ഷന്‍ എടുത്തു തരാമോയെന്ന് ചോദിച്ച് വരുമ്പോള്‍ ചെയ്തു കൊടുക്കും. അതൊക്കെ എനിക്ക് സന്തോഷമാണ്. നമ്മള്‍ പഠിച്ച കാര്യങ്ങളാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത്’.
Post Your Comments