സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും മലയാളികൾക്ക് സുപരിചിതനായ നടനാണ് നന്ദു. ചെറിയ വേഷങ്ങളും, കോമഡി കഥാപാത്രങ്ങളും മാത്രം ചെയ്തു വന്നിരുന്ന നന്ദുവിന് അവയിൽ നിന്നെല്ലാം മാറ്റം വന്നത് അടൂർ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങൾ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ സ്വഭാവനടനായി തിളങ്ങി. സ്പിരിറ്റ്, ആമേൻ എന്നീ ചിത്രങ്ങളിലെ നന്ദുവിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നന്ദുവിന്റെ സിനിമ
ഇപ്പോൾ അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ലഭിച്ചതിന് പിന്നിൽ മറക്കാനാവാത്ത സംഭവുമുണ്ടെന്ന് പറയുകയാണ് നന്ദു കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ
നന്ദുവിന്റെ വാക്കുകൾ :
‘ഞാനൊരിക്കൽ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വഴിയരികിൽ കാർ അപകടത്തിൽപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ സർ നിൽക്കുന്നത് കണ്ടു. ഞാൻ അന്ന് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നടക്കുന്ന കാലമാണ്. അദ്ദേഹത്തിന് എന്നെ അറിയില്ല. ഞാൻ ഓടി ചെന്ന് കാര്യങ്ങൽ തിരക്കി വേണ്ടത് ചെയ്ത് കൊടുത്തു. പോകാനായപ്പോൾ ഞാൻ എന്റെ പേര് അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യാറുണ്ടെന്നും പറഞ്ഞു. ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ട അദ്ദേഹം കൈപ്പുസ്തകത്തിൽ എന്റെ പേര് കുറിച്ച് വെച്ചു.
പിറ്റേ ദിവസം അലിയാർ സർ എന്നെ വിളിച്ച് കോളടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഉടനെ പോയി അടൂർ സാറിനെ കാണണമെന്ന് പറഞ്ഞു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും ചെറിയ വേഷമായിരിക്കും എന്നാണ് കരുതിയത്. നാല് പെണ്ണുങ്ങൾ എന്ന സിനിമയായിരുന്നു അത്. നാരായണൻ എന്ന കഥാുപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ഗീതു മോഹൻദാസിന്റെ ഭർത്താവായിരുന്നു. അതുവരെ ഞാൻ സീരിയസ് റോളുകളൊന്നും ചെയ്തിരുന്നില്ല. സാറിന്റെ സിനിമയിലെ എന്റെ കഥാപാത്രം വലിയ പ്രാധാന്യമുള്ളതായിരുന്നു. ആ സിനിമ മുതലാണ് എന്റെ സിനിമാ ജീവിതം മാറിയത്. നാല് പെണ്ണുങ്ങൾ സിനിമാ മേഖലയിൽ ഉള്ളവർക്ക് വേണ്ടി മാത്രം പ്രദർശിപ്പിച്ചിരുന്നു.’
അന്ന് രഞ്ജിത്ത് അടക്കമുള്ള സംവിധായകർ സിനിമ കാണാൻ എത്തിയിരുന്നു. സിനിമ കണ്ട് അദ്ദേഹം എന്നോട് ചോദിച്ചത് നിനക്ക് സീരിയസ് റോൾ ചെയ്യാൻ കഴിയുമോ എന്നാണ്. ആ സിനിമ കണ്ട ശേഷമാണ് അദ്ദേഹം എന്നെ തിരക്കഥയിലേക്കും സ്പിരിറ്റിലേക്കുമെല്ലാം ക്ഷണിച്ചത്. സ്പിരിറ്റിലെ വേഷം നടൻ ജഗതി ശ്രീകുമാറിന് വേണ്ടി വെച്ചതായിരുന്നു. സ്പിരിറ്റ് കണ്ടും നിരവധി പേർ അഭിനന്ദിച്ച് ഫോൺ ചെയ്തിരുന്നു’- നന്ദു പറഞ്ഞു.
Post Your Comments