പെരുന്തച്ചനിലൂടെ ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി സർഗത്തിലെ ‘കുട്ടൻ തമ്പുരാൻ’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് മനോജ് കെ ജയൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും’കുട്ടൻ തമ്പുരാനെ’ അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷങ്ങളും ഉപനായക വേഷങ്ങളും വില്ലൻ വേഷങ്ങളും ചെയ്ത് ഇപ്പോളും സിനിമ മേഖലയിൽ സജീവമാണ് താരം.
മികച്ച നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മനോജിന് ഏറ്റവുമധികം അവാര്‍ഡുകള്‍ സമ്മാനിച്ച വേഷം പഴശിരാജയിലെ തലയ്ക്കല്‍ ചന്തുവായിരുന്നു. ഇപ്പോൾ തലയ്ക്കൽ ചന്തുവിന്റെ സ്മാരകം ഉത്ഘാടനം ചെയ്തപ്പോൾ വിശിഷ്ടാതിഥിയായി പങ്കെടുത്ത കാര്യം പറയുകയാണ് മനോജ്. ഒരു അഭിനേതാവിന് കിട്ടിയ ഏറ്റവും ഉന്നതമായ അംഗീകാരമായാണ് മനോജ് ആ മുഹൂർത്തത്തെ വിശേഷിപ്പിക്കുന്നത്.
മനോജിന്റെ വാക്കുകൾ :
‘പഴശ്ശിരാജ സിനിമ റിലീസായി കുറച്ച് നാള് കഴിഞ്ഞപ്പോള്‍ വയനാട്ടില്‍ നിന്ന് എം എ ഷാനവാസ് എം പി വിളിച്ചു. തലയ്ക്കല്‍ ചന്തു സ്മാരകം പണിയുന്നുണ്ട്. അതില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കണം. അങ്ങനെ ഞാന്‍ ചെന്നു. അതൊരു വലിയ അനുഭവമായിരുന്നു. കെ സി വേണുഗോപാലും ഞാനും ഷാനവാസും മന്ത്രിയായിരുന്ന ജയലക്ഷ്മിയും ഒരു തുറന്ന ജീപ്പില്‍ സ്മാരകസ്ഥലത്തേക്ക് പോവുകയാണ്. റോഡിനിരുവശവും ആയിരക്കണക്കിന് കുറിച്യര്‍ നിന്ന് ആനയിക്കുന്നുണ്ട്. ആയിരം തലയ്ക്കല്‍ ചന്തുമാര്‍. അതൊരു കാഴ്ചയായിരുന്നു.
സ്ഥലത്തെത്തിയപ്പോള്‍ യഥാര്‍ത്ഥ തലയ്ക്കല്‍ ചന്തുവിനെ തൂക്കിക്കൊന്ന കോളിമരം കണ്ടു. അതിന്റെ ചുവട്ടിലെ ശിലാഫലകത്തില്‍ ഇന്നും എന്റെ പേരുണ്ട് ‘വിശിഷ്ടാതിഥി മനോജ് കെ ജയന്’. ഒരു നടന് കിട്ടാവുന്ന നാഷണല്‍ അവാര്‍ഡിന് മേലെയാണ് ആ അംഗീകാരത്തെ കാണുന്നത്’. – മനോജ് പറഞ്ഞു.
Post Your Comments