രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് നമിത പ്രമോദ്. 2011 ജനുവരി 7നാണ് മലയാള സിനിമയില്‍ ഒരു ട്രെന്‍ഡായി മാറിയ ട്രാഫിക്ക് തിയേറ്ററുകളില്‍ എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവനേകി പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച നമിത തന്റെ 11 വര്‍ഷങ്ങള്‍ പിന്നിട്ട സിനിമ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ‘കേരള കൗമുദി’ക്ക് നൽകിയ അഭിമുഖത്തിൽ.
നമിതയുടെ വാക്കുകൾ :
ട്രാഫിക്കില്‍ അഭിനയിക്കുന്ന സമയത്തും, ആ സിനിമ റീലീസ് ആകുമ്പോഴും ജനങ്ങള്‍ ഏറ്റെടുത്ത് അത് വന്‍ വിജയം ആകുമ്പോഴും എനിക്ക് അതിന്റെ ഒരു ഫീലിംഗ്സും ഇല്ലായിരുന്നു. കാരണം, അതൊക്കെ സംഭവിക്കുമ്പോൾ ഞാന്‍ ഒരു ടീനേജ് പ്രായക്കാരിയായിരുന്നു. ഷൂട്ടിങ്ങ്, സിനിമ അതൊക്കെ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ട്രാഫിക്കിന് ശേഷം 11 വര്‍ഷങ്ങള്‍ കഴിയുമ്പോൾ ഓര്‍മ്മയിലുള്ളത് എല്ലാം നല്ല കാര്യങ്ങള്‍ മാത്രം. ഞാന്‍ ബോണ്‍ ആക്ടറല്ല. ഓരോ സിനിമ ചെയ്യുമ്പോഴും അഭിനയം പടി പടിയായി പഠിച്ച് വരുന്ന ആളാണ് ഞാന്‍.
പുതിയ സിനിമകള്‍ ചെയ്യുമ്പോഴും അതില്‍ നിന്ന് ഇപ്പോഴും ഞാന്‍ ഓരോ കാര്യങ്ങള്‍ പഠിക്കുകയും തെറ്റുകളും കുറവുകളും പരമാവധി ഇല്ലാതാക്കാനും ശ്രമിക്കുന്നുമുണ്ട്. ഇത് വരെയുള്ള എന്റെ സിനിമകളില്‍ ഹിറ്റുകളും അല്ലാത്ത സിനിമകളും സംഭവിച്ചിട്ടുണ്ട്. എന്റെ എല്ലാ സിനിമകളിലും എന്റെ ജോലി ഏറ്റവും ഇഷ്ടത്തോടെയാണ് ഞാന്‍ ചെയ്യുന്നത്. കൂടെ അഭിനയിക്കുന്നവര്‍, മറ്റ് സിനിമകളിലെ ആര്‍ട്ടിസ്റ്റുകള്‍ ഇവരുടെയൊക്കെ അഭിനയ രീതി എല്ലാം ശ്രദ്ധിക്കാറുണ്ട്. അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ സ്വയം മനസിലാക്കാന്‍ കഴിയുന്നുണ്ട്.
ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകണം എന്നതാണ് എന്റെ ആഗ്രഹം. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക ആര്‍ട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കണം എന്ന ആഗ്രഹം ഒന്നും ഇല്ല. സിനിമ നിര്‍മ്മാണം, സ്ക്രിപ്റ്റ്, ഡയറക്ഷന്‍ മേഖലകളിലൊന്നും താല്പര്യം ഇല്ല. അത്തരം കാര്യങ്ങളിലൊന്നും എനിക്ക് ഒരു കഴിവും ഇല്ല എന്നതാണ് സത്യം.’
Post Your Comments