രണ്ടുവര്‍ഷം മുമ്പ് സീ കേരളയില്‍ സംപ്രേക്ഷണം ചെയ്ത ’സരിഗമപ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ഗായികയാണ് നാരായണി ഗോപൻ. പ്രശസ്ത ഗായകന് കല്ലറ ഗോപന്റെ മകളായ നാരായണി ഗോപനാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ’ഉയിരേ ഒരു ജന്മം നിന്നെ അറിയാതെ പോകെ ഞാനും’ എന്ന ഹിറ്റ് ഗാനം മിഥുന് ജയരാജിനൊപ്പം ആലപിച്ചിരിക്കുന്നത്. പ്രണയവും വിരഹവും നിറച്ച് മനു മഞ്ജിത്ത് എഴുതി ഷാന്‍ റഹ്മാന് ഈണമിട്ട ഈ പാട്ട് ഇറങ്ങി നാളുകള്‍ പിന്നിട്ടിട്ടും ആരുടെയും മനസില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഈ പാട്ട് നല്കിയ അഭിനന്ദനങ്ങള്‍ മനസു നിറച്ച സന്തോഷത്തിലാണ് നാരായണി. ഇപ്പോൾ തന്റെ ഹിറ്റ് ഗാനത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് നാരായണി.
നാരായണിയുടെ വാക്കുകൾ:
‘സീ കേരളയില്‍ സംപ്രേക്ഷണം ചെയ്ത ’സരിഗമപ’ റിയാലിറ്റി ഷോയില്‍ രണ്ടുവര്‍ഷം മുമ്പ് ഞാന്‍ പങ്കെടുത്തിരുന്നു. സംഗീത സംവിധായകന് ഷാന്‍ റഹ്മാന് ആ പരിപാടിയുടെ വിധികര്‍ത്താവായിരുന്നു. അങ്ങനെ എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടാണ് ’ഉയിരെ’ എന്ന പാട്ടിന് ട്രാക്ക് പാടാന്‍ വിളിച്ചത്. കൂടെ മിഥുന് ചേട്ടനു (മിഥുന് ജയരാജ്) മുണ്ടായിരുന്നു. അങ്ങനെ പാട്ട് കേട്ടപ്പോള്‍ ഓകെയാണെന്ന് പറഞ്ഞു. ആ സമയത്ത് തന്നെ ഷാനിക്ക ഒരു ഫേസ് ബുക്ക് പോസ്റ്റിട്ടുണ്ടായിരുന്നു പാട്ടിനെ കുറിച്ച് പറഞ്ഞ്. 2019 ലാണ് പാട്ട് റെക്കാര്‍ഡ് ചെയ്തത്.
കൊവിഡ് കാലത്താണ് പാട്ട് ഫൈനലായത്. രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നെങ്കിലും പാട്ട് കേട്ട് ഈ നിമിഷം വരെയുള്ള അഭിനന്ദനങ്ങളും നല്ല വാക്കുകളും അത്ര സന്തോഷം തരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ റീല്‍സിലും മറ്റും ഈ പാട്ട് തന്നെ കാണുമ്പോൾ ആ സന്തോഷം ഇരട്ടിയാകുന്നു. നേരത്തെ പാട്ട് വന്നപ്പോള്‍ ഇത്രയധികം പ്രതികരണങ്ങളുണ്ടായിരുന്നില്ല. സിനിമ ഇറങ്ങി ആ കഥാപാത്രങ്ങളിലൂടെ പാട്ട് പുറത്തെത്തിയപ്പോഴാണ് അഭിനന്ദനങ്ങള്‍ ലഭിച്ചത്.
സംവിധാന മികവും സിനിമയുടെ കൂട്ടായ്മയുമെല്ലാം പാട്ടിന്റെ ഭംഗിയും വര്‍ദ്ധിപ്പിച്ചു. ഷാനിക്ക ചെയ്ത പാട്ടുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്. പാടുമ്പോൾ തന്നെ നല്ലൊരു പാട്ടാണല്ലോ എന്ന ഇഷ്ടം ഈ പാട്ടിനോടുണ്ട്. ഒരുപാട് തവണ ഞാനും ആവര്‍ത്തിച്ചു കേട്ടിട്ടുണ്ട്. മനസില്‍ തങ്ങി നില്ക്കുന്ന ഒരു പ്രത്യേക ഫീലിംഗ് തോന്നും. അതേ പോലെ പ്രണയം, വിരഹം, വേദന എന്നിവയൊക്കെ ഈ പാട്ടിലുണ്ട്. പാടുമ്പോൾ സിനിമയുടെ സിറ്റുവേഷനെ കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. എങ്കില്‍ പോലും സിനിമ കണ്ടപ്പോഴാണ് ഈ പാട്ട് കഥയുമായും കഥാപാത്രങ്ങളുമായും എത്രത്തോളം അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് മനസിലാകുന്നത്.’
Post Your Comments