GeneralLatest NewsNEWS

കോവിഡ് ഭീഷണിയിൽ സിനിമാലോകം, പ്രമുഖ താരങ്ങൾ കോവിഡ് പിടിയിൽ

പ്രമുഖ നടന്‍ സത്യരാജ് നടിമാരായ തൃഷ, മീന, സംവിധായകന്‍ പ്രിയദര്‍ശന്‍, തെലുങ്ക് നടന്‍ മഹേഷ് ബാബു എന്നിവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചിരുന്നു

ചെന്നൈ: സിനിമാ മേഖലയിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ കോവിഡ് പിടിയിൽ. പ്രമുഖ നടന്‍ സത്യരാജ് നടിമാരായ തൃഷ, മീന, സംവിധായകന്‍ പ്രിയദര്‍ശന്‍, തെലുങ്ക് നടന്‍ മഹേഷ് ബാബു എന്നിവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചിരുന്നു. രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി ഉയരവെയാണ് താരങ്ങള്‍ക്ക് കൂട്ടത്തോടെ രോഗം ബാധിക്കുന്നത്. ചെന്നൈ കേന്ദ്രമായുള്ള പല താരങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

നടന്‍ സത്യരാജ് കൊവിഡ് ബാധിച്ച്‌ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവേ കഴിഞ്ഞ രാത്രി ആരോഗ്യ നില വഷളായതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. നടനെ ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരം അറിഞ്ഞതോടെ ആരാധകര്‍ ആശങ്കയിയിലാണ്. തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് സത്യരാജ്.

തൃഷയ്ക്ക് നിലവില്‍ രോഗം ഭേദമായിട്ടുണ്ട്. നടി തന്നെയാണ് രോഗം ബാധിച്ചതും ഭേദമായതും അറിയിച്ചത്. ‘എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തിരുന്നു. എന്നിട്ടും കൊവിഡ് ബാധിച്ചു. വളരെ വിഷമിച്ച ആഴ്ചകളായിരുന്നു. ഇപ്പോള്‍ ആരോഗ്യ വീണ്ടെടുക്കുന്നു. വാക്‌സിനെടുത്തത് നന്നായി. എല്ലാവരും വാക്‌സിന്‍ എടുക്കണം. എത്രയും വേഗം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- തൃഷ ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡ് നടി സ്വര ഭാസ്‌കറിന് കൊവിഡ് സ്ഥിരീകരിച്ച കാര്യം നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എല്ലാ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും തനിക്കും കുടുംബത്തിലും കൊവിഡ് ബാധിച്ചുവെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു.

നടി മീനയ്ക്ക് പുതുവര്‍ഷ ദിനത്തിലാണ് രോഗം ബാധിച്ചത്. അവര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. സമൂഹ മാധ്യമം വഴിയാണ് നടി മീന കൊവിഡ് ബാധിച്ച വിവരം വെളിപ്പെടുത്തിയത്. ‘ഈ വര്‍ഷത്തെ ആദ്യ അതിഥി മിസ്റ്റര്‍ കൊറോണയാണ്. എന്റെ മുഴുവന്‍ കുടുംബത്തെയും അതിഥിക്ക് ഇഷ്ടമായി. എങ്കിലും അധിക കാലം ഈ അതിഥിയെ വീട്ടിലിരുത്തില്ല. കൊവിഡിനെ കുറിച്ച്‌ എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതെ ശ്രദ്ധിക്കൂ’- മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രിയദര്‍ശന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.

നടൻ മഹേഷ് ബാബുവും തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചിരുന്നു. ഒപ്പം താനുമായി ഇടപഴകിയവർ ശ്രദ്ധക്കണമെന്നും സോഷ്യൽ മീഡിയ വഴി അഭ്യർത്ഥിച്ചിരുന്നു. ‘എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു എങ്കിലും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ചെറിയ ലക്ഷണങ്ങളെ ഉള്ളു. എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹോം ഐസൊലേഷനില്‍ കഴിയുകയാണ്. സമ്പർക്കത്തിൽ ഉള്‍പ്പെട്ടവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകുക. മാത്രമല്ല, എല്ലാവരും വാക്‌സിന്‍ വളരെ വേഗത്തില്‍ തന്നെ സ്വീകരിച്ച്‌ സുരക്ഷിതരാകണം. വാക്‌സിന്‍ എടുക്കുന്നത് രോഗലക്ഷണങ്ങളെയും ആശുപത്രി വാസവും പരമാവധി കുറയ്ക്കുവാന്‍ സഹായിക്കും. ഞാൻ ഉടൻ തന്നെ തിരിച്ചെത്തും’- മഹേഷ് ബാബു കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button