‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ സംവിധായകൻ ഗിരീഷ് എഡി മലയാളികൾക്ക് പരിചയപ്പെടുത്തിയ യുവനേടാനാണ് നസ്ലന് കെ ഗഫൂര്. തല നിറയെ ബുദ്ധിയുള്ള, കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന, തണ്ണീർമത്തൻ ദിനങ്ങളിലെ പപ്സ് പയ്യൻ ഒറ്റ കാഴ്ചയിൽ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു. കുരുതിയിലെ കലിപ്പൻ, ഹോമിൽ ആർക്കും സ്നേഹം തോന്നുന്ന അനിയൻ, കേശുവിലെ മകൻ എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇതിനകം തന്നെ മലയാളികളുടെ ഇഷ്ടം കവർന്നു കഴിഞ്ഞു നസ്ലന്. അത്രയ്ക്ക് അനായാസമായാണ് ഓരോ കഥാപാത്രങ്ങളെയും നസ്ലന് അവതരിപ്പിക്കുന്നത്.
നസ്ലൻറെ പുതിയ ചിത്രമാണ് ‘സൂപ്പർ ശരണ്യ’ രണ്ടര വർഷങ്ങൾക്കിപ്പുറം ‘സൂപ്പർ ശരണ്യ’ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ നസ്ലനും ഏറെ സന്തോഷത്തിലാണ്. തറവാട്ടിലേക്ക് തിരിച്ചെത്തിയതു പോലൊരു ഫീൽ എന്നാണ് ‘സൂപ്പർ ശരണ്യ’ ടീമിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവത്തെ നസ്ലൻ വിശേഷിപ്പിക്കുന്നത്. ‘സൂപ്പർ ശരണ്യ’ അനുഭവങ്ങളും പുതിയ വിശേഷങ്ങളും ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് നസ്ലൻ.
നസ്ലൻറെ വാക്കുകൾ :
‘സൂപ്പർ ശരണ്യയിലേക്ക് വിളിച്ചപ്പോൾ മുതൽ ഞാൻ എക്സൈറ്റഡാണ്. മറ്റുള്ള ഏതു സെറ്റിനേക്കാളും എനിക്ക് കംഫർട്ടബിൾ ആയി അഭിനയിക്കാൻ പറ്റുന്നയിടമാണ് ഗിരീഷേട്ടന്റെ സെറ്റ്. ഒരു ഫ്രണ്ട്സ് ഗ്യാങ്ങ് പോലെയാണ് അവിടെ. എല്ലാവരും അടുത്തറിയുന്ന ആളുകൾ. തമാശയും ചിരിയുമൊക്കെയായി ലൊക്കേഷനിൽ പോവാൻ തന്നെ രസമാണ്. ഒരുപാട് ഫ്രീഡമുള്ള സെറ്റ്. ചെറിയൊരു റോളാണ് ചിത്രത്തിൽ എനിക്ക്. സംഗീത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. അനശ്വര അവതരിപ്പിക്കുന്ന ശരണ്യയെന്ന കഥാപാത്രത്തിന്റെ സുഹൃത്താണ് സംഗീത്. ഒരു ഫ്രണ്ട് ബെഞ്ച് പഠിപ്പിസ്റ്റ് പയ്യൻ. തണ്ണീർമത്തനിൽ ക്ലാസിൽ കയറാൻ മടിയുള്ള എന്നെ ഇത്തവണ കുറേദിവസം ക്ലാസ്റൂമിലിരുത്തി സംവിധായകൻ.
കോവിഡ് സമയമായതിനാൽ, ക്ലാസുകൾ ഓൺലൈനായപ്പോൾ ക്യാമ്പസ് ജീവിതം മിസ്സ് ചെയ്തിരിക്കുമ്പോഴാണ് സൂപ്പർ ശരണ്യയുടെ ഷൂട്ട് വരുന്നത്. അത് ഞങ്ങളെല്ലാവരും നന്നായി ആസ്വദിച്ചു. ക്യാമ്പസിലേക്കു പോവുന്ന ഒരു ഫീലായിരുന്നു. ആ ഒരു വൈബ് ചിത്രത്തിലുമുണ്ട്.’
Post Your Comments