ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന് തട്ടിപ്പു നടത്തിയ തുക പല മലയാള സിനിമകള്‍ക്കുമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ആരോപണത്തിനെ തുടർന്ന് സണ്ണി ലിയോണ്‍ നായികയാകുന്ന ‘ഷീറോ’ എന്ന മലയാള ചിത്രത്തിന്റെ പങ്കും അന്വേഷിക്കും. ‘കുട്ടനാടന്‍ മാര്‍പാപ്പ’യ്ക്ക് ശേഷം ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ഷീറോയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു.
ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനായി അന്‍സാരി മുടക്കിയിരിക്കുന്ന തുകയുടെ സോഴ്സ് അറിയുകയാകും ഇ ഡിയുടെ ലക്ഷ്യം. അന്‍സാരിയുടെ ഓഫീസിലും റെയ്ഡ് നടന്നിരുന്നു. മോറിസ് കോയിന് വാഗ്ദാനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1200 കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഇ.ഡി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പല നിര്‍മ്മാണ സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയത്.
നടന് ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലും ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിലെ മോറിസ് കോയിന് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കല്‍ നിഷാദിന്റെ അക്കൗണ്ടില്‍ നിന്ന് നടന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി ഇ.ഡി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന.
Post Your Comments