കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടിയാണ് ഷെല്ലി. കനൽ കണ്ണാടി എന്ന സിനിമയിലാണ് ഷെല്ലി ആദ്യം അഭിനയിച്ചത്. പിന്നീട് ചിത്രശലഭം എന്ന സീരിയൽ ചെയ്തു. കേരള കഫേ എന്ന സിനിമയിലും ഷെല്ലി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് മിന്നൽ മുരളിയിലെ വില്ലനായ ഷിബുവിന്റെ കാമുകിയായ ഉഷ എന്ന കഥാപാത്രമാണ്. ഇതോടെ പണ്ട് ആയിരം ഫോളോവേഴ്സ് മാത്രം ഉണ്ടായിരുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഇന്ന് നിരവധി പേർ ഫോളോവേഴ്സാണെന്നും തന്റെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതയിൽ വലിയ സന്തോഷമുണ്ടെന്നും ഷെല്ലി പറയുന്നു.
ഷെല്ലിയുടെ വാക്കുകൾ :
‘ഞാനും ഉഷയും തമ്മിൽ ശരിക്കും സാമ്യം ഉണ്ട്. ഞാനും വളരെ ഇമോഷണലും സെൻസിറ്റീവുമാണ്. എന്റെ ജീവിതത്തിലും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം കൂട്ടിച്ചേർത്താണ് ഞാൻ ഉഷയെ അവതരിപ്പിച്ചത്. എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ഞാൻ പൊതുവെ ചെയ്യാറില്ല. ഉഷ എന്ന കഥാപാത്രം എവിടെയൊക്കെയോ എന്നിലും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞാനും ഉഷ കടന്ന് പോയ ചില അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുപാടൊന്നും എനിക്ക് ആ കഥാപാത്രമാവാൻ പ്രയത്നിക്കേണ്ടി വന്നില്ല. വളരെ സ്വാഭാവികമായി തന്നെ ചെയ്യാൻ സാധിച്ചു. ഗുരു സാറിന്റെ അഭിനയവും ഗംഭീരമായിരുന്നതിനാൽ നന്നായി അവതരിപ്പിക്കാനും സാധിച്ചു.
എന്റെ പഴയ ഒരു തമിഴ് സിനിമ കണ്ടിട്ടാണ് ബേസിൽ എന്ന ഉഷയാകാൻ വിളിച്ചത്. എന്റെ രൂപം കണ്ട് കഥാപാത്രത്തിന് ഓക്കെ അല്ലെന്ന് തോന്നുകയാണെങ്കിൽ വേറെ ആളെ കാസ്റ്റ് ചെയ്തോളാൻ ഞാൻ തുടക്കത്തിൽ അവരോട് പറഞ്ഞിരുന്നു. സംസാരിച്ച് പോയ ശേഷം ഒരു മാസത്തോളം അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഞാനും ആ കഥയും സിനിമയും മറന്നിരുന്നു. പക്ഷെ പിന്നീട് ബേസിൽ വിളിച്ച് കഥാപാത്രത്തിന് ഞാൻ ഓക്കെയാണെന്ന് പറയുകയായിരുന്നു. ബേസിൽ വളരെ കൂൾ ആയിട്ടുള്ള ഒരാളാണ്. ഇത്രയും വലിയൊരു സിനിമയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണെന്ന് ബേസിലിനെ കാണുമ്പോൾ തോന്നില്ല. കഥാപാത്രത്തിന്റെ ഐഡിയ മാത്രമെ ബേസിൽ പറഞ്ഞ് തരൂ. ബാക്കി ചെയ്യാനുള്ള ഫ്രീഡം ബേസിൽ നമുക്ക് തരും’- ഷെല്ലി പറഞ്ഞു.
Post Your Comments