സിനിമ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്ന് വന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ ചെറിയൊരു കഥാപാത്രം അവതരിപ്പിച്ചു കൊണ്ടായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. കുമ്പളങ്ങി നൈറ്റ്സാണ് ഗ്രേസിന്റെ കരിയർ മാറ്റുന്നത്. ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയിൽ കണ്ടത്. ഇപ്പോൾ നിവിൻ പോളിയുടെ കനകം കാമിനി കലഹം ആണ് ഗ്രേസിന്റ ഏറ്റവും പുതിയ ചിത്രം. ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോൾ തന്റെ സിനിമാജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗ്രേസ്.
ഗ്രേസിന്റെ വാക്കുകൾ :
എന്റെ ഫസ്റ്റ് ഒഡിഷനായിരുന്നു ‘ഹാപ്പി വെഡ്ഡിങ്’. നല്ല ടീമായിരുന്നു. ദുരനുഭവങ്ങൾക്ക് സാധ്യത ഏതു മേഖലയിലും ഉണ്ട്. സിനിമ ആഗ്രഹിക്കുന്ന പത്തു പേരിൽ നാലു പേർക്കേ അവസരം ലഭിക്കുന്നുണ്ടാകൂ. അതിൽ രണ്ടു പേർക്കേ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളിൽ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങൾ എടുക്കണം .
സിനിമയാണ് എന്റെ ഇഷ്ടം എന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. വീട്ടിലോ കുടുംബത്തിലോ അഭിനയിക്കുന്നവർ ഇല്ല. പപ്പ ആന്റണി ബ്രേക്ക് ഡാൻസ് ചെയ്യും. മമ്മി ഷൈനിക്ക് നൃത്തം ചെയ്യാനും പാടാനും അറിയാം. ചേച്ചി സെലീന ഹോം ബേക്കറാണ്. കേക്ക് ആണ് സ്പെഷ്യാലിറ്റി. കലാതാത്പര്യമുള്ളതു കൊണ്ട് പപ്പയും മമ്മിയും എന്റെ ഇഷ്ടങ്ങളെ പിന്തുണച്ചു. എന്റെ സ്വപ്നം സ്വയം നേടിയെടുക്കുകയായിരുന്നു ഞാൻ. ലക്ഷ്യത്തിനു വേണ്ടി ആത്മാർഥമായി പരിശ്രമിച്ചാൽ വിജയിക്കും. അതാണ് എന്റെ അനുഭവം.
എനിക്ക് വണ്ണം കൂടുതലാണ് എന്നു പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകാം. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റിവയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസ്സിലേക്ക് എടുത്താൽ അതാലോചിച്ചു വിഷമിക്കാനേ നേരം കാണൂ’.
Post Your Comments