![](/movie/wp-content/uploads/2021/12/g-k-pillai.jpg)
സിനിമാ – സീരിയല്‍ നടന് ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. 1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്.
65 വര്‍ഷമായി അഭിനയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം ഏതാണ്ട് 325ല്‍ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ ‘സ്നേഹസീമ’യാണ് ആദ്യ ചിത്രം. വില്ലൻ വേഷങ്ങളിലൂടെയാണ് ജി കെ പിള്ള ശ്രദ്ധ നേടുന്നത്. ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന് എക്സ്പ്രസ് എന്നിവയില്‍ പ്രധാന വില്ലന്‍ ജി.കെ. പിള്ളയായിരുന്നു. എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം 2005-മുതലാണ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. ‘കടമറ്റത്തു കത്തനാർ’ ആയിരുന്നു ആദ്യ സീരിയൽ. സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘കുങ്കുമപ്പൂവ്’ എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.
ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ആറ് മക്കളാണ് അവർക്കുള്ളത്. മക്കൾ - പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.
Post Your Comments