
മലയാള സിനിമയെ സാഹിത്യത്തിലേക്കടുപ്പിച്ച സംവിധായകന്‍ കെ.എസ് സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാലോകം. മമ്മൂട്ടി, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകന് പ്രണാമമർപ്പിക്കുകയാണ് മോഹൻലാലും സുരേഷ് ഗോപിയും.
‘മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരന്‍ ശ്രീ കെ.എസ് സേതുമാധവന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം’- മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സുരേഷ് ഗോപിയെ ആദ്യമായി ബാലതാരമായി തന്റെ ചിത്രത്തിലൂടെയാണ് സേതുമാധവന്‍ സിനിമയിലേക്ക് എത്തിച്ചത്. ‘ആറ് വയസ്സ് പ്രായമുള്ള എന്നെ സംവിധാനം ചെയ്യുന്നതിന്റെ മധ്യേ സെറ്റില്‍ എടുത്തു നടന്ന് എന്നെ ആദ്യമായി ഫ്രെയിമിലേക്ക് കൊണ്ടുവന്ന വ്യക്തി. എന്റെ അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്ത്. സെല്ലുലോയ്ഡുമായുള്ള എന്റെ പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ച എന്റെ അമ്മ. സേതുമാധവന്‍ സാറിന് ഒരായിരം ആദരാഞ്ജലികള്‍,’ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സുരേഷ് ഗോപി എഴുതി.
Post Your Comments