തൃശ്ശൂര്‍: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 69 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ ശ്വാസംമുട്ടിനെ തുടർന്നാണ് അദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായതോടെ ഇന്ന് രാവിലെ ആറു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍. നിരവധി സിനിമകളുടെ ഭാഗമായിട്ട് സുനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുനില്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ ഒന്നും മിണ്ടാതെ എന്നു ചിത്രത്തിനു വേണ്ടിയാണ് സുനില്‍ അവസാനമായി നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്‍റെ ക്യാമറയില്‍ പതിയാത്ത താരങ്ങള്‍ ചുരുക്കമാണ്.
‘സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നത് അസിസ്റ്റന്‍റ് ഡയറക്ടറും പ്രൊഡക്ഷന്‍ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചര്‍ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യന്‍’ സുനിലിനെ സ്മരിച്ച് കൊണ്ട് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചുതിങ്ങനെയാണ്.
‘സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. മലയാള സിനിമയിലെ പ്രശസ്തനായ ഏറ്റവും നല്ല ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു അദ്ദേഹം. കുറെ ചിത്രങ്ങളില്‍ സുനിലേട്ടനുമായി സഹകരിക്കാന്‍ സാധിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായുള്ള ആത്മബന്ധം എന്ന് പറയുന്നത് 1988-ല്‍ എന്റെ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ (വയനാട്ടില്‍ വച്ച്) എന്റെയൊരു ഫോട്ടോ എടുത്ത് ചിത്രഭൂമിയില്‍ .’മലയാള സിനിമയിലേക്ക് ഒരു പുതിയ നടന്‍ മനോജ്’ എന്ന ടൈറ്റിലോട് കൂടി ആദ്യമായി കൊടുത്തത് സുനിലേട്ടനാണ്.. മറക്കില്ലൊരിക്കലും, ‘ ആദരാഞ്ജലികള്‍ നേര്‍ന്ന് മനോജ് കെ ജയന്‍ കുറിച്ചതിങ്ങനെ.
Post Your Comments