കൊച്ചി: തിരുവിതാംകൂര്‍ ചരിത്രം പറയുന്ന വിനയന്‍ ചിത്രം ‘പത്തൊമ്പതാം നുറ്റാണ്ടി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടു. വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ അവതരിപ്പിക്കുന്ന കണ്ണന്‍ കുറുപ്പ് എന്ന യുവ പൊലീസ് ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തെത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രം 2022 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നും, വിഷ്ണു ഈ വേഷം ഭംഗിയാക്കും എന്ന് തനിക്കു തോന്നിയതു കൊണ്ടു മാത്രമാണ് ഈ വേഷം വിഷ്ണുവിന് നല്‍കിയതെന്നും അല്ലാതെ തന്റെ മകനായതു കൊണ്ടല്ല എന്നും വിനയന്‍ പറഞ്ഞു.
വിനയന്റെ വാക്കുകൾ :
‘പത്തൊമ്പതാം നൂറ്റാണ്ടിന്റെ പതിനെട്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇന്ന് റിലീസ് ചെയ്യുന്നു. തിരുവിതാംകൂറിന്റെ മുന്‍ പടനായകന്‍മാരില്‍ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിന്റെ പുത്രന്‍ കണ്ണന്‍ കുറുപ്പ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിനിവേശത്തോടെ പുത്തന്‍ ഉണര്‍വ്വ് നേടിയ തിരുവിതാംകൂര്‍ പൊലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇന്‍സ്‌പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്. അധസ്ഥിതര്‍ക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കര്‍ ഒരു വശത്തും അയാളെ ഉന്‍മൂലനം ചെയ്യാന്‍ സര്‍വ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികള്‍ മറു ഭാഗത്തും അണിനിരന്നപ്പോള്‍ കണ്ണന്‍ കുറുപ്പ് സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലര്‍ത്തിയിട്ടുണ്ട്. എന്റെ മകനായതുകൊണ്ട് വിഷ്ണുവിന് ആ വേഷം കൊടുത്തതല്ല, മറിച്ച് അയാള്‍ ആ വേഷം ഭംഗിയാക്കും എന്ന് എനിക്കു തോന്നിയതു കൊണ്ടു മാത്രമാണ്. ഇനി ചിത്രം കണ്ടുകഴിഞ്ഞ് നിങ്ങള്‍ വിലയിരുത്തുക. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ഇനിയും നാലുമാസമെങ്കിലും എടുക്കും. 2022 ഏപ്രിലില്‍ ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.’
Post Your Comments