ചെന്നൈ: ഒ.ടി.ടിക്ക് മുമ്പ് തന്നെ മലയാള സിനിമ വളർന്നിട്ടുണ്ടെന്നും, ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ ആളുകളിലേക്ക് മലയാള സിനിമയെ എത്താന്‍ സഹായിച്ചെന്നും സംവിധായകൻ രാജമൗലി. ഒ.ടി.ടി വന്നതോടെ മലയാള സിനിമയ്ക്കുണ്ടായ വളര്‍ച്ചയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍.ആര്‍.ആറിന്‍റെ ട്രെയ്‌ലര്‍ ലോഞ്ചിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജമൗലിയുടെ വാക്കുകൾ :
‘കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മലയാള സിനിമ വലിയ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. മുമ്പ് മലയാള സിനിമയെയും താരങ്ങളെയും ചില ഇടങ്ങളിലായിരുന്നു കൂടുതല്‍ പരിചയം. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ ആളുകളിലേക്ക് സിനിമയെത്തി. ഹൈദരാബാദില്‍ ചെറിയ ചെറിയ ടൗണുകളില്‍ പോലും മലയാള താരങ്ങള്‍ക്ക് ആരാധകര്‍ ഉണ്ട്’- രാജമൗലി പറഞ്ഞു.
2022 ജനുവരി 7 നാണ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ന്റെ റിലീസ്. അതിനു മുന്നോടിയായുള്ള ട്രെയ്‌ലര്‍ പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്‌ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട സമ്പന്നമാണ്. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്മാണ്ഡ വിഷ്വല്‍ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ഇറങ്ങുന്ന ചിത്രത്തിൽ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൂടാതെ ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
Post Your Comments