ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുന്നവര്‍ ക്രിമിനലുകളാണെന്ന് പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന ആഹ്ളാദ പ്രകടനത്തിനെതിരെയാണ് അദ്ദേഹത്തിന്റെ ശക്തമായ പ്രതികരണം.
ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകൾ :
‘രാജ്യത്തിന് ഇന്ന് കറുത്ത ദിനമാണ്. കഴിഞ്ഞ ദിവസത്തെ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ പത്നിയുമടക്കം 13 പേര് ഈ ഭൂമി വിട്ടുപോയിരിക്കുകയാണ്. ആദ്യമായിട്ടായിരുന്നു ഭാരതത്തിന് ഒരു സംയുക്ത സൈനിക മേധാവിയെ ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ആഘോഷമാക്കിയ പലരുടെയും പ്രതികരണങ്ങള്‍ അത്യധികം നടുക്കത്തോടെയാണ് കാണേണ്ടി വന്നത്.
രാജ്യത്ത് മഹാന്മാര്ക്ക് മരണം സംഭവിക്കുമ്പോൾ അത് ആഘോഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ മലയാളികളുള്‍പ്പെടെ പലരും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട് സന്തോഷിക്കുകയും അപകടത്തെ ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഇത് തന്നെ അത്യധികം ദുഃഖിപ്പിച്ചു. ഒരിക്കലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുത്. ഇത്തരക്കാരെ പിടികൂടി പോലീസ് കേസെടുക്കാന്‍ തയ്യാറാകണം.
എല്ലാ ഭാരതീയരും സംഘടിച്ച് ഈ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. ഭാരതത്തിന്റെ വായുവും അന്നവും കഴിച്ചുകൊണ്ട് രാജ്യത്തെ തന്നെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര്‍ ക്രിമിനലുകളാണ്. അവരെ കണ്ടെത്തി കേസെടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും വേണം’.
Post Your Comments