ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് ജയസൂര്യ പറഞ്ഞതെന്നും നിരവധി കുടുബങ്ങളെയാണ് അപകടാവസ്ഥയിലായ റോഡുകള്‍ നിരാലംബരാക്കിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ നടന്‍ ജയസൂര്യയെ അനുമോദിച്ചാണ് കെപിസിസി പ്രസിഡന്റ് ഇത് പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുധാകരന്റെ ഫേസ്ബുക്കില്‍ പ്രതികരണം.
കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്:
‘കേരളത്തിലെ റോഡുകളിലൂടെ നിത്യവും യാത്ര ചെയ്യുന്ന ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് പ്രിയ നടന്‍ ജയസൂര്യ തുറന്നു പറഞ്ഞത്.
നമ്മുടെ റോഡുകളില്‍ നീളത്തിലും, വീതിയിലും, ആഴത്തിലുമുള്ള കുഴികള്‍ ഇതിനകം നിരവധി കുടുംബങ്ങളെ ആലംബമില്ലാത്തവരാക്കി കഴിഞ്ഞു. ഇതു പോലെ റോഡില്‍ കുഴികളുണ്ടായിരുന്ന കാലം വി എസ് മുഖ്യമന്ത്രിയായപ്പോള്‍ തോമസ് ഐസക് റോഡിലെ കുഴികളുടെ കണക്കെടുക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ കാലഘട്ടമാണ്. അവിടെ നിന്നാണ് മികച്ച റോഡുകളും പാലങ്ങളും നിര്‍മ്മിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന്റെ മുഖം മാറ്റിയത്.
ബന്ധുത്വ നിയമനത്തില്‍ ലഭിച്ച മന്ത്രി പദവിയും ഭാരിച്ച വകുപ്പുകളും, ക്യാമറാമാനെയും കൂട്ടിയുള്ള മിന്നല്‍ നാടക സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ, കേരളത്തിലെ റോഡുകളിലെ മരണക്കുഴികള്‍ അടച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ പൊതുമരാമത്ത് മന്ത്രി തയ്യാറാകണം.
എന്റെ മുഖവും, ക്യാമറയും എന്നതില്‍ നിന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലേക്ക് മന്ത്രിയുടെ അടിയന്തിര പരിഗണന മാറേണ്ടതുണ്ട്.’
Post Your Comments