Latest NewsNEWSSocial Media

‘ആ മോതിരം നീട്ടിയപ്പോ അതിടാന്‍ വിരല്‍ കാണിച്ചു കൊടുക്കാന്‍ രണ്ടാമത് ഒന്ന് ആലോചിക്കാന്‍ ഇല്ലായിരുന്നു’: റാണി ശരൺ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന എന്ന നടൻ. വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരത്തിന് സിനിമയെക്കാളും ജനപ്രീതി നേടി കൊടുത്തത് സീരിയലുകളായിരുന്നു. നായകനായും വില്ലനായിട്ടുമൊക്കെ സജീവ സാന്നിധ്യമായി നിൽക്കുന്ന താരമാണ് ശരൺ. അഭിനയത്തോടൊപ്പം ഇദ്ദേഹത്തിന്റെ ശബ്ദവും നമുക്ക് സുപരിചിതമാണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലെയും നായകന്റെ ശബ്ദം ഇദ്ദേഹത്തിന്റേതാണ്.

ശരണിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ റാണിയും മകളുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇപ്പോഴിതാ ആദ്യമായി ഭര്‍ത്താവ് കൈയില്‍ അണിയിച്ച മോതിരത്തെ കുറിച്ചും അതിന്റെ ചിത്രങ്ങളുമെല്ലാം പങ്കുവച്ച് തങ്ങളുടെ വിവാഹനിശ്ചയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് റാണി ശരണ്‍. ഒപ്പം വിവാഹനിശ്ചയ ദിവസം പറഞ്ഞത് പിന്നീട് ജീവിതത്തിൽ പാലിക്കുന്നതിനെ കുറിച്ചും. ഫേസ്ബുക്കിലാണ് റാണി തന്റെ വിവാഹനിശ്ചയ വാർഷികത്തിന്റെ ഓർമ്മകൾ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

ഇത് ഒരു മോതിരക്കഥയാണ്. പ്ലാറ്റിനമോ വൈറ്റ് ഗോൾഡോ അല്ല. പക്ഷേ…അതിനേക്കാൾ അനേകമിരട്ടി മൂല്യം ഉള്ള ഒന്ന്. ഈ മോതിരമാണ് ഏട്ടൻ എൻ്റെ വിരലിൽ ആദ്യമായി അണിയിച്ചത്.അത് ഞങ്ങളുടെ കല്യാണത്തിനും നിശ്ചയത്തിനും കുറച്ചു മുന്നേയാണ്.

അന്നൊരു ദിവസം എന്നെ കാണാൻ വന്നപ്പോൾ കയ്യിൽ ഇതുണ്ടായിരുന്നു.’അമ്മുവിന് വേണ്ടി ഗുരുവായൂരിൽ നിന്ന് വാങ്ങിയതാണ്’ എന്ന് പറഞ്ഞ് ആ മോതിരം നീട്ടിയപ്പോ അതിടാൻ വിരൽ കാണിച്ചു കൊടുക്കാൻ രണ്ടാമത് ഒന്ന് ആലോചിക്കാൻ ഇല്ലായിരുന്നു. അത്ര നാൾ ഒരു സോൾമേറ്റ് ആയി നിന്ന് കേട്ട സ്വപ്നങ്ങൾ, പ്രതീക്ഷകൾ, നിസ്സഹായതകൾ, വിശ്വാസം, അതിലുപരി എന്നും ഒരേ മനസ്സോടെ ഒപ്പം നടക്കാം എന്ന് പറഞ്ഞ സ്നേഹത്തിൻ്റെ തീവ്രത എല്ലാം അതിൽ തിളങ്ങി.

ഞങ്ങൾ രണ്ടു പേരും, പിന്നെ ഞാൻ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്യാറുള്ളത് പോലെ ഈശ്വരൻ്റെ ഒരിക്കലും അടയാത്ത ക്യാമറക്കണ്ണുകളും മാത്രം ഉള്ള ഒരു നിമിഷം. അന്നും അതിനു ശേഷവും ആ കൂട്ടുകാരിയായി എന്നും ഒപ്പമുണ്ടാവും എന്ന ഉറപ്പ് പാലിക്കുന്നു. അങ്ങനെ നിന്ന് തന്നെയാണ് ഏട്ടൻ്റെ ഭാര്യയും കുഞ്ഞിൻ്റെ അമ്മയും ആയത്.

ഇന്നൊരു ഡിസംബർ 3 ആണ്. 2003 ഡിസംബർ 3നായിരുന്നു ഞങ്ങളുടെ വിവാഹ നിശ്ചയം. കാരണവന്മാർ നിലവിളക്കിന് മുന്നിൽ വാക്കാൽ ബന്ധം ഉറപ്പിച്ച ദിവസം. അന്നും വിളക്ക് തെളിക്കാൻ ഈ മോതിരം ഇട്ടു തന്നെയാണ് ഞാൻ മണ്ഡപത്തിൽ ഇറങ്ങിയത്. 2004 ജനുവരി 18ന് ഏട്ടൻ്റെ പേര് കൊത്തിയ സ്വർണമോതിരം അണിയുന്നത് വരെ അത് ഞാൻ ഊരിയില്ല. ഇന്ന് ഞങ്ങളുടെ നിശ്ചയത്തിൻ്റെ 18ആം പിറന്നാൾ ആണ്. ജീവിതം നിറമുള്ള ഒരു തുടർക്കഥ പോലെ…’

 

 

shortlink

Post Your Comments


Back to top button