റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിനുണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്നത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം.
നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. കേരളത്തില്‍ 631 റിലീസിങ് സ്ക്രീനുകളാണുള്ളത്. ഇതില്‍ 626 റിലീസിങ് സ്ക്രീനിലും മരക്കാറാണ്. കേരളത്തിലും ഇത്രധികം സ്ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അങ്ങനെ മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകൾ നേടാനായി എന്ന റെക്കോർഡും മരക്കാറിന് സ്വന്തം. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാര്‍ റിലീസിന് മുന്നേ അവാര്‍ഡ് വേദികളില്‍ തിളങ്ങിയിരുന്നു. മികച്ച സിനിമ, മികച്ച ഗ്രാഫിക്സ് തുടങ്ങി നിരവധി ദേശീയ പുരസ്കാരങ്ങള്‍ മരക്കാര്‍ വാങ്ങിക്കൂട്ടിയിരുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്
Post Your Comments