GeneralLatest NewsMollywoodNEWS

പോക്കിരി മാക്കിരിയല്ല, പോർക്കലി മാർഗിനി: റഹ്‌മാൻ -ബിച്ചു തിരുമല കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ഗാനത്തെക്കുറിച്ചു രവിമേനോൻ

വളരെ ചുരുങ്ങിയ സമയത്തിൽ എഴുതിത്തീർത്തതാണ് `കുനുകുനെ' എന്ന പാട്ട്

മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമല വിടവാങ്ങി. അൻപതുവര്ഷത്തെ സിനിമാ ജീവിതത്തിൽ അയ്യായിരത്തോളം ഗാനങ്ങൾ സമ്മാനിച്ച ബിച്ചു തിരുമല രചിച്ച കോമഡി രീതിയിൽ ഉള്ള മനോഹരമായ ഒരു ഗാനമാണ് `യോദ്ധ’യിലെ പടകാളി ചണ്ഡിച്ചങ്കരി പോർക്കലി മാർഗിനി. എന്നാൽ ഈ ഗാനം ഇപ്പോൾ പലരും തെറ്റിച്ചാണ് പാടുന്നത്. ഇതിനെക്കുറിച്ച് എഴുത്തുകാരൻ രവി മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

പോക്കിരി മാക്കിരിയല്ല, പോർക്കലി മാർഗിനി

`യോദ്ധ’യിലെ ഗാനങ്ങളിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയത് `പടകാളി’ തന്നെ. കേരളീയമായ ഫോക് അന്തരീക്ഷമാണ് പാട്ടിൽ വേണ്ടത്. വടക്കൻ പാട്ടിന്റെയൊക്കെ ഒരു ഫീൽ വരണം. റഹ്‌മാന്‌ ഒട്ടും പരിചിതമല്ലാത്ത മേഖലയാണ്. `ഗാനരചയിതാവായ ബിച്ചു തിരുമലയാണ് ആ ഘട്ടത്തിൽ ഞങ്ങളുടെ രക്ഷക്കെത്തിയത്.’– സംവിധായകൻ സംഗീത് ശിവന്റെ ഓർമ്മ.

read also: പ്രമുഖ സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന

`വടക്കൻ പാട്ടിനെ കുറിച്ചും കേരളത്തിലെ ഗ്രാമീണമായ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും പരമ്പരാഗത വാദ്യങ്ങളെ കുറിച്ചുമൊക്കെ ബിച്ചുവിനോട് വിശദമായി ചോദിച്ചു മനസ്സിലാക്കി റഹ്‌മാൻ. ബിച്ചു ചൊല്ലിക്കൊടുത്ത നാടൻ പാട്ടുകളിൽ നിന്നാണ് സത്യത്തിൽ ഗാനത്തിന്റെ ഘടനയെ കുറിച്ച് റഹ്‌മാന് ഒരു ഏകദേശ ധാരണ ലഭിച്ചത്. ബിച്ചുവിന്റെ പങ്കാളിത്തം കൂടിയുണ്ട് ആ ഗാനത്തിന്റെ സ്വീകാര്യതക്ക് പിന്നിൽ എന്നത് അവഗണിക്കാനാവാത്ത സത്യം. ഒരാഴ്ച കഴിഞ്ഞു താൻ ചിട്ടപ്പെടുത്തിയ ഈണം റഹ്‌മാൻ ഞങ്ങളെ പാടിക്കേൾപ്പിച്ചപ്പോൾ അത്ഭുതം തോന്നി. തികച്ചും കേരളീയമായ ഒരു ഗ്രാമ്യാന്തരീക്ഷം ഉണ്ടായിരുന്നു അതിൽ’- കാഴ്ച്ചയിലും പെരുമാറ്റത്തിലും ഗൗരവക്കാരനായ, അത്യാവശ്യത്തിനു മാത്രം ചിരിക്കുന്ന ഒരു മനുഷ്യന് എങ്ങനെ ഇത്രയും നർമ്മഭാവമുള്ള ഒരു ഈണം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നോർക്കുകയായിരുന്നു ബിച്ചു.

പാട്ടിന് ഇണങ്ങുന്ന വരികൾ വേണം ഇനി. അങ്ങേയറ്റം ചടുലവും ഊർജസ്വലവുമായ ഈണമാണ്. മത്സരമായതിനാൽ കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ടുള്ള കസർത്തായാൽ നല്ലത്. അർത്ഥ ഗാംഭീര്യത്തേക്കാൾ ഉച്ചരിക്കുന്ന വാക്കുകളുടെ സൗണ്ടിംഗ് ആണ് ഇത്തരം ഗാനങ്ങളിൽ പ്രധാനം. സമാനമായ ഗാനങ്ങൾ മുൻപും എഴുതിയിട്ടുള്ള ബിച്ചു തിരുമലക്ക് അതൊരു വലിയ വെല്ലുവിളിയായി തോന്നിയില്ല. “ചെന്നൈയിൽ റഹ്‌മാന്റെ സ്റ്റുഡിയോയിൽ വെച്ച് സംഗീത് ശിവൻ ഗാനസന്ദർഭം വിവരിച്ചു തന്നപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്രരൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന ഒരു ഗാനമായാൽ സന്ദർഭത്തിന് ഇണങ്ങുമെന്ന് തോന്നി. സംഗീതിനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.

`മഹാകവി നാലാങ്കലിന്റെ `മഹാക്ഷേത്രങ്ങൾക്ക് മുൻപിൽ’ എന്ന പുസ്തകം ആ ഘട്ടത്തിലാണ് എനിക്ക് തുണയായത്. പടകാളി, പോർക്കലി, ചണ്ഡി, മാർഗിനി എന്നിങ്ങനെ ദേവിയുടെ പര്യായപദങ്ങൾ ഒന്നൊന്നായി മനസ്സിൽ ഒഴുകിയെത്തുന്നു. ഹാസ്യ ഗാനമായതിനാൽ ആഴമുള്ള ആശയങ്ങൾ ആരും പ്രതീക്ഷിക്കാനിടയില്ല. എങ്കിലും ഉപയോഗിക്കുന്ന പദങ്ങൾ അർത്ഥ ശൂന്യമാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. ആരാധനയുമായി ബന്ധപ്പെട്ട വാക്കുകളാണ് പാട്ടിൽ ഏറെയും – പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം എന്നിങ്ങനെ.’– ബിച്ചു.

മറ്റു ചില പ്രയോഗങ്ങൾ ബിച്ചു കണ്ടെത്തിയത് സ്വാനുഭവങ്ങളിൽ നിന്നാണ്. ഉദാഹരണത്തിന് പൊടിയാ, തടിയാ എന്നീ പ്രയോഗങ്ങൾ. ആകാശവാണി ജീവിതകാലത്ത് സുഹൃത്തുക്കളായ ഗായകൻ ഉദയഭാനുവും എം ജി രാധാകൃഷ്ണനും പരസ്പരം കളിയാക്കി വിളിച്ചു കേട്ടിട്ടുള്ള പേരുകളാണ്. ഒരു രസത്തിന് അതും പാട്ടിൽ ചേർത്തു. അപ്പോഴൊന്നും ഇത്രയും വലിയ ഹിറ്റായി മാറും ആ പാട്ടെന്ന് സങ്കൽപ്പിച്ചിട്ടില്ല ബിച്ചു. ചിത്രീകരണത്തിലൂടെ ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു സംഗീത് ശിവൻ എന്ന് വിശ്വസിക്കുന്നു അദ്ദേഹം.

പാലക്കാട് ജില്ലാതിർത്തിയിലെ ഒരു കുഗ്രാമത്തിൽ വെച്ചായിരുന്നു `പടകാളി’യുടെ ചിത്രീകരണം. യേശുദാസും എം ജി ശ്രീകുമാറും മത്സരിച്ചു പാടിയ പാട്ടിനൊത്ത് ചുണ്ടനക്കി അഭിനയിക്കുന്നത് മോഹൻലാലും ജഗതിയും. കാഴ്ചക്കാരായായി ഉർവശി, സുകുമാരി, മീന, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ. നിലക്കാതെ പെയ്ത മഴ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ലാലിന്റെയും ജഗതിയുടെയും അവിസ്മരണീയ പ്രകടനം ഒന്ന് മാത്രം മതിയായിരുന്നു എല്ലാ നിരാശയും മറക്കാൻ എന്ന് സംഗീത്. “ഗാന ചിത്രീകരണത്തെ കുറിച്ച് എനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷേ ലാൽ സാറും ജഗതി ചേട്ടനും അഭിനയിച്ചു തുടങ്ങിയതോടെ എല്ലാ പ്ലാനും തെറ്റി. എവിടെ, എപ്പോൾ കട്ട് പറയണം എന്നറിയാതെ ആ നടന വൈഭവം ആസ്വദിച്ചു നിന്നുപോയി ഞാൻ. ഒരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല ഒഴിവാക്കാൻ എന്നതാണ് സത്യം. രണ്ടു അസാമാന്യ പ്രതിഭകളാണ് നിറഞ്ഞാടുന്നത്. അവരുടെ അഭിനയത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാൻ എങ്ങനെ മനസ്സു വരും?” സംഗീതിന്റെ വാക്കുകൾ. “മത്സരിച്ചു ചുവടുവെക്കുന്നതിനിടെ ലാലിന് എവിടെയെങ്കിലുമൊന്ന് പിഴച്ചാൽ ഉടൻ ജഗതി രക്ഷക്കെത്തും. അതുപോലെ തിരിച്ചും. അത്ഭുതകരമായ ആ കൊടുക്കൽ വാങ്ങലിന്റെ സൗന്ദര്യം ഞാനും സന്തോഷുമെല്ലാം വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്.” പാട്ടിലെ കോറസ് ഭാഗം ചിത്രീകരിച്ചത് ചെന്നൈയിലെ സ്റ്റുഡിയോയിൽ വെച്ചാണ് എന്ന് കൂട്ടിച്ചേർക്കുന്നു സംഗീത് ശിവൻ.

പടകാളി എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് പറയും ബിച്ചു. `ശ്രീകുമാർ ആദ്യം വന്നു പാട്ടു മുഴുവനായി പാടി റെക്കോർഡ് ചെയ്തു. പിന്നീടാണ് യേശു വന്നു തന്റെ ഭാഗം പാടുന്നത്. പാട്ടുമത്സരമാണെന്നറിഞ്ഞപ്പോൾ രസിച്ചു തന്നെ അദ്ദേഹം പാടി. ഇടക്ക് ഏതോ ഒരു വരിയുടെ ഈണം ചെറുതായൊന്നു മാറിപ്പോയപ്പോൾ ആ ഭാഗം ഒന്ന് കൂടി പാടിയാലോ എന്നൊരു നിർദേശമുണ്ടായി . പക്ഷേ യേശുവിന്റെ മറുപടി രസകരമായിരുന്നു: ഇതൊരു മത്സരപ്പാട്ടാണ്. പകരത്തിനു പകരമാകുമ്പോൾ പാടുന്നതെല്ലാം കൃത്യമാവണം എന്നില്ല. അപ്പപ്പോൾ തോന്നുന്ന മട്ടിലാണ് രണ്ടുപേരും പാടുക. അതുകൊണ്ട് ഇതിനി വ്യാകരണശുദ്ധമാക്കാൻ മിനക്കെടേണ്ട എന്നാണ് എന്റെ അഭിപ്രായം.’ ആ നിർദേശം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ‘ യേശുദാസ് പാടിയ ശേഷം ശ്രീകുമാർ ഒരിക്കൽ കൂടി സ്റ്റുഡിയോയിൽ വന്ന് തന്റെ ഭാഗം റെക്കോർഡ് ചെയ്തു എന്നാണ് ബിച്ചുവിന്റെ ഓർമ്മ.

ഗാനത്തിന്റെ പൂർണ്ണതക്കു വേണ്ടിയുള്ള ഇത്തരം യജ്ഞങ്ങൾ ഫലം ചെയ്തു. പുത്തൻ തലമുറ പോലും അകമഴിഞ്ഞ് ആസ്വദിക്കുന്നു ആ പാട്ട്. സ്റ്റേജിലും റിയാലിറ്റി ഷോകളിലുമൊക്കെ ഇന്നും പതിവായി `പടകാളി’ പാടിക്കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് ബിച്ചുവിന്. ദുഃഖം ഒരു കാര്യത്തിൽ മാത്രം: `പാട്ടിലെ പോർക്കലിയും മാർഗിനിയും ഓർമ്മയായി. പകരം പോക്കിരിയും മാക്കിരിയും വന്നു. ഇപ്പോൾ അധികം പേരും പാടിക്കേൾക്കാറുള്ളത് പടകാളി ചണ്ഡിച്ചങ്കരി പോക്കിരി മാക്കിരി എന്നാണ്.’

വളരെ ചുരുങ്ങിയ സമയത്തിൽ എഴുതിത്തീർത്തതാണ് `കുനുകുനെ’ എന്ന പാട്ട്. പല്ലവിയിലെ ആദ്യപദം ആവർത്തിക്കണം എന്നൊരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ സംഗീത സംവിധായകന്. റോജയിലെ `ചിന്ന ചിന്ന ആസൈ’ പോലെ, റഹ്‌മാന്റെ സംഗീത സംവിധാന ശൈലിയുടെ മുഖമുദ്രയായി മാറിയ ഒരു വിജയ ഫോർമുലയ്ക്ക് തുടക്കം കുറിച്ച പാട്ടുകളിൽ ഒന്നായിരിക്കണം കുനുകുനെ. പിൽക്കാലത്ത് ആദ്യവാക്കിന്റെ ആവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ റഹ്‌മാൻ ഗാനങ്ങൾ എത്രയെത്ര. ഉയിരേ ഉയിരേ, ഉർവശി ഉർവശി, അഞ്ജലി അഞ്ജലി, മുസ്തഫ മുസ്തഫ, വെണ്ണിലവേ വെണ്ണിലവേ, എന്നവളേ അടി എന്നവളേ, മലർകളെ മലർകളെ, കൊളംബസ് കൊളംബസ്, ഹൈരെ ഹൈരെ, നെഞ്ചിനിലെ നെഞ്ചിനിലെ, കത്തിരിക്ക കത്തിരിക്ക, ഹമ്മ ഹമ്മ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, അൻപേ അൻപേ, സോണിയ സോണിയ, രുക്കുമണി രുക്കുമണി, ചിക്കു ബുക്കു ചിക്കു ബുക്കു, നറുമുഗയെ നറുമുഗയെ, കുച്ചി കുച്ചി രാക്കമ്മ, ഒരുവൻ ഒരുവൻ, ഛയ്യ ഛയ്യ, തില്ലാന തില്ലാന, മാർഗഴിപ്പൂവേ മാർഗഴിപ്പൂവേ….`

shortlink

Related Articles

Post Your Comments


Back to top button