പ്രണയവും വിരഹവും സ്നേഹവും ആനന്ദവും ഉത്സാഹവും ഉന്മാദവുമെല്ലാം വരികളിലൂടെ മലയാളികളെ അനുഭവിപ്പിച്ച പ്രിയ എഴുത്തുകാരൻ ബിച്ചു തിരുമല വിടപറഞ്ഞു. 1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായി ജനിച്ച ബി.ശിവശങ്കരന്‍ നായർ മലയാളികൾക്ക് ബിച്ചു തിരുമലയാണ്. ഒറ്റക്കമ്ബി നാദം മാത്രം മൂളും വീണാഗാനം ഞാന്‍…, ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളെ… എന്ന് തുടങ്ങി 50 വര്‍ഷത്തിനിടയില്‍ അയ്യായിരത്തിലേറെ സുന്ദരഗാനങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ബിച്ചു തിരുമല പോയ് മറയുന്നത്.
കോളേജ് പഠനം കഴിഞ്ഞ് സംവിധായക മോഹവുമായി ചെന്നൈയിലേക്ക് വണ്ടികയറിയ ബിച്ചു ഏറെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിച്ചു തുടങ്ങി. അതിനിടെ ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. എന്നാല്‍ ഈ ചിത്രം പുറത്തെത്തിയില്ലെങ്കിലും അദ്ദേഹമെഴുതിയ ഗാനം ശ്രദ്ധിക്കപ്പെട്ടു.
read also: ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
നടന്‍ മധു സംവിധാനം ചെയ്ത ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമലയെന്ന എഴുത്തുകാരനെ അടയാളപ്പെടുത്തിയത്. ശ്യാം സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്.
ഈണങ്ങള്‍ക്കൊപ്പിച്ച് ഏതെങ്കിലും വാക്കുകള്‍ കുത്തിത്തിരുകി പാട്ടെഴുതുന്ന രീതിയല്ല ബിച്ചു തിരുമലയുടേത്. വ്യത്യസ്തവും സുന്ദരവുമായ പദങ്ങള്‍ ചേർത്ത് മനോഹരമായ ഗാനങ്ങൾ ഒരുക്കുന്നതിൽ പ്രധാനിയാണ് അദ്ദേഹം. ‘ഓലത്തുമ്ബത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’,’മിഴിയോരം നനഞ്ഞൊഴുകും…’ ‘പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’നക്ഷത്രദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി …, ഓലത്തുമ്ബത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ …, പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ … ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കാര്‍ട്ടൂണ്‍ പരമ്ബര ‘ജംഗിള്‍ബുക്കി’ലെ ‘ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ തുടങ്ങി ഒരുപിടി ഗാനങ്ങൾ രചിച്ച ബിച്ചു തിരുമലയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു. 1981 ല്‍ തൃഷ്ണ, തേനും വയന്നും എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും 1991 ലെ കടിഞ്ഞൂല്‍ കല്യാണം എന്നീ സിനിമകളിലെ ഗാനങ്ങളുമാണ് അവാര്‍ഡിന് അര്‍ഹരായത്. കൂടാതെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി-പി ഭാസ്കരന്‍ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചു.
Post Your Comments