കൊച്ചി : ഗുരുതര കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെപിഎസി ലളിത ആശുപത്രി വിട്ടു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന നടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്നാണ് ഡിസ്ച്ചാർജ് നല്‍കിയത്.
തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നടിയുടെ ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് നിരവധി വിമര്‍ശനങ്ങള്‍ക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഇക്കാര്യത്തിൽ സർക്കാരിനെ അനുകൂലിച്ച പി ടി തോമസ് എംഎൽഎയ്ക്കെതിരെ കെ പി സി സി പ്രസിഡണ്ട് കെ സുധാകര പക്ഷം അനുകൂലികൾ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം നടത്തിയിരുന്നു.
എന്നാല്‍, നടിയും കേരള സംഗീതനാടക അക്കാദമി ചെയര്‍പഴ്സനുമായ കെപിഎസി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹ്മാന് വിശദീകരിച്ചിരുന്നു.
Post Your Comments