InterviewsLatest NewsNEWS

‘വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു, പക്ഷെ അദ്ദേഹം മരിച്ച സമയത്ത് വരേണ്ട പലരും വന്നില്ല’: മണിയൻപിള്ള രാജു

മലയാള സിനിമയിലെ ഇതിഹാസതാരം നെടുമുടി വേണു കഴിഞ്ഞ ഒക്ടോബര്‍ 11ന് നമ്മെ വിട്ടുപിരിഞ്ഞിരുന്നു. പകരം വയ്ക്കാനില്ലാത്ത ആ അഭിനയപ്രതിഭയുടെ ഓര്‍മ്മകളിലാണ് ഇപ്പോഴും മലയാള സിനിമാ ലോകം. ഇപ്പോളിതാ യുവതലമുറ അഭിനേതാക്കള്‍ വേണു മരിച്ച സമയത്ത് വേണ്ട വിധത്തില്‍ ആദരവ് നല്‍കിയില്ലെന്നും, സമ്പൂര്‍ണ കലാകാരനായ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നൽകാത്തതിനെ കുറിച്ചും സംസാരിക്കുകയാണ് നടൻ മണിയൻപിള്ള രാജു.

അദ്ദേഹവുമായുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും നെടുമുടി വേണുവിന് ലഭിക്കാതെ പോയ ആദരവിനെ കുറിച്ചും ഇപ്പോള്‍ മനസ് തുറക്കുകയാണ് കാന്‍ചാനല്‍ മീഡിയയ്ക്ക് അദ്ദേഹം നല്‍കിയ അഭിമുഖത്തിലൂടെ. പുതുതലമുറ അദ്ദേഹത്തെ മറന്നു എന്നും തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജു.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ :

‘വേണു മരിച്ച സമയത്ത് യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാള സിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. എങ്കിലും വളരെ കുറച്ചു പേരെ വന്നുള്ളൂ.

അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല’- രാജു പറഞ്ഞു.

‘100 ശതമാനവും നാഷനല്‍ അവാര്‍ഡ് കിട്ടാന്‍ അര്‍ഹനായ നടന്‍ നെടുമുടി വേണുവാണ്. അദ്ദേഹത്തിന് ഇതുവരെ മികച്ച നടനുള്ള നാഷനല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. വേണു ഒരു സമ്പൂര്‍ണ കലാകാരനാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സിനിമാസെറ്റുകളിലൊന്നും ഇപ്പോള്‍ പണ്ടത്തെ പോലത്തെ ആത്മബന്ധങ്ങളില്ല. എല്ലാവരും കാരവാന്‍ സംസ്‌കാരത്തിലേയ്ക്ക് ഒതുങ്ങിപ്പോയി. ഇപ്പോള്‍ പണ്ടത്തെ പോലെ ബന്ധങ്ങളൊന്നുമില്ല. മുമ്പ് ഒരു ഷോട്ട് കഴിഞ്ഞ് വന്നാല്‍ സെറ്റില്‍ മുഴുവന്‍ ചിരിയും ബഹളവും കോമഡിയുമാണ്. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞ് എല്ലാവരും കാരവനിലേയ്ക്ക് ഓടുകയാണ്. അതിനകത്താണ് അവരുടെ സ്വപ്‌നലോകവും സ്വര്‍ഗവുമൊക്കെ. അതുകൊണ്ട് താഴേക്കിടയിലുള്ള സിനിമാപ്രവര്‍ത്തകരുമായോ മറ്റ് നടീനടന്മാരുമായോ അവര്‍ക്ക് ബന്ധമുണ്ടാകില്ല. നമുക്കൊക്കെ നല്ല ബന്ധമായിരുന്നു’- മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button