കൊച്ചി : ഗുരുതര കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടിയും സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായ കെ.പി.എ.സി ലളിതയ്ക്ക് കരള്‍ പകുത്തു നല്കാന് തയാറായി കലാഭവന്‍ സോബി ജോര്‍ജ്. കരള്‍ ദാതാവിനെ തേടിയുള്ള ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ അഭ്യര്‍ഥന കണ്ട് തീരുമാനമെടുത്ത സോബി ‘അമ്മ’ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്.
‘മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഏതെങ്കിലും കലാകാരന് വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്കാന് തയാറാണെന്ന് കോവിഡ് ആരംഭത്തിന് മുമ്പ് കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേലിന്റെ പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ചനോട് പറഞ്ഞിരുന്നു. അടുത്തിടെ നൃത്തനാടക അസോസിയേഷന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍ പേഴ്സൺ എന്ന നിലയില്‍ കലാകാരന്മാര്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ് ചേച്ചിക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ല’- സോബി പറഞ്ഞു.
ലളിതയുടെ മക്കളുടെ കരള്‍ അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തതാണ് അവർക്ക് കരള്‍ ദാനത്തിന് സാധിക്കാതിരുന്നത്. ദാതാവ് ഒ. പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യവാനായിരിക്കണം. 20നും 50നും ഇടയിലാവണം പ്രായം. പ്രമേഹരോഗികളാകരുത്. മദ്യപിക്കുന്നവരും ആകരുത്. മറ്റ് രോഗങ്ങളില്ലാത്തവരായിരിക്കണം ദാതാവ്.
കെപിഎസി ലളിതയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ദാതാവിനെതേടി മകള്‍ ശ്രീകുട്ടി ഭരതന് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നാണ് മകള്‍ കുറിപ്പില്‍ പറഞ്ഞത്
Post Your Comments