നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്ത് ഉര്‍വശി, സൗബിന് ഷാഹിര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ഒരു പൊലീസുകാരന്റെ മരണം’ എന്ന ചിത്രത്തില്‍ അമ്മ റോളുകളില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് ഓഫീസറായി എത്തുകയാണ് ഉർവശി. സിനിമയെ ഒരു ഡാര്‍ക്ക് ത്രില്ലര്‍ ജോണറില്‍ പെടുത്താന്‍ കഴിയില്ലെന്നും, ഒരു മര്‍ഡര്‍ മിസ്റ്ററി തന്നെയാണ് ‘ഒരു പൊലീസുകാരന്റെ മരണ’മെന്നും രമ്യ അരവിന്ദ് ദ ക്യുവിനോട് പറഞ്ഞു.
രമ്യ അരവിന്ദിന്റെ വാക്കുകൾ :
‘സിനിമ മേഖലയിലേക്ക് ശ്യാമപ്രസാദ് സാറിലൂടെയാണ് ഞാന്‍ എത്തുന്നത്. അതിന് മുന്‍പ് തന്നെ എഴുത്തിനേട് താത്പര്യമുള്ള വ്യക്തിയായിരുന്നു ഞാന്‍. പിന്നെ സിനിമകള്‍ എന്നും പ്രിയപ്പെട്ടതായിരുന്നു. അങ്ങനെയാണ് ഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ എന്റെ കഥകള്‍ സിനിമയിലൂടെ പറയണം എന്ന തീരുമാനത്തിലെത്തുന്നത്.
അതിന് ശേഷം പൂണെ യൂണിവേഴ്സിറ്റിയില്‍ ഫിലിം മേക്കിങ്ങ് കോഴ്സ് ചെയ്തു. അങ്ങനെ 2009ല്‍ ശ്യാം സാറിനൊപ്പം അസിസ്റ്റന്റായി ജോയിന്‍ ചെയ്തു. സാറിനൊപ്പം ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങള്‍ ചെയ്തു. പിന്നീട് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സില്‍ അസോസിയേറ്റായിരുന്നു. ബാംഗ്ലൂര്‍ ഡേയിസിന് ശേഷമാണ് ഞാന്‍ എന്റെ സിനിമയിലേക്ക് പൂര്‍ണ്ണമായി കേന്ദ്രീകരിച്ചുള്ള എഴുത്ത് ആരംഭിക്കുന്നത്. ലോക്ഡൗണ്‍ സമയത്താണ് പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുത്താസ് തിരക്കഥ കേള്‍ക്കുന്നത്. അങ്ങനെയാണ് ‘ഒരു പോലീസുകാരന്റെ മരണ’ത്തിന് തുടക്കം കുറിക്കുന്നത്.
സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നത് കൊണ്ട് സൗബിനെ എനിക്ക് ആദ്യമെ പരിചയമുണ്ടായിരുന്നു. തിരക്കഥ എഴുതുമ്പോള്‍ തന്നെ ഉര്‍വശി ചേച്ചി എന്റെ മനസില്‍ ഉണ്ടായിരുന്നു. ചേച്ചിക്ക് കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെടുകയും ചെയ്തു. ഇതുവരെ കാണാത്ത റോളിലാണ് ചേച്ചി സിനിമയില്‍ എത്തുന്നത്. ‘ഒരു പോലീസുകാരന്റെ മരണ’ത്തില്‍ ഉര്‍വശി ചേച്ചി ആരുടേയും അമ്മയല്ല. ഇത് ചേച്ചിയുടെ സിനിമയാണ്. ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് ചേച്ചി എത്തുന്നത്. സൗബിന്റെ കഥാപാത്രവും പൊലീസ് ഓഫീസറാണ്.
സിനിമ ഒരു ഡാര്‍ക്ക് ത്രില്ലറല്ല. ‘ഹൂ ഡണ്‍ ഇറ്റ്’ ആണ് സിനിമയുടെ ജോണര്‍. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് ഒരു പൊലീസുകാരന്റെ മരണം’.
ജനുവരി പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ വാഗമണ്‍ ആയിരിക്കും. ഷെഹനാദ് ജലാലാണ് ഛായാഗ്രാഹകന്‍. സംഗീതം – ജസ്റ്റിന് വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ് – ജോ കൊരട്ടി, വസ്ത്രാലങ്കാരം – ബ്യുസി ബേബി ജോണ്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, ശബ്ദമിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. വൈശാഖ് സിനിമാസിന്റേയും, റയല്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ വൈശാഖ് രാജന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments