1981-ൽ കോസ്റ്റ്യൂം ഡിസൈനറായും നടനായും സിനിമാ ജീവിതം ആരംഭിച്ച് മലയാളത്തിലും തമിഴിലുമായി നാനൂറിലധികം സിനിമകളില്‍ പകർന്നാടിയ അഭിനയ സമ്പത്തുമായി ഇന്ദ്രന്‍സ് വെള്ളിത്തിരയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അമച്വര്‍ നാടകങ്ങളിലൂടെ അഭിനയത്തിൽ ഹരിശ്രീ കുറിച്ച ഇന്ദ്രൻസ് അന്തരിച്ച ഡബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ ആദ്യ ഭര്‍ത്താവും സംവിധായകന് ദീപന്റെ പിതാവുമായ വെളിയം ചന്ദ്രന് സംവിധാനം ചെയ്ത ‘ഇതും ഒരു ജീവിതം’ എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയത്. സുകുമാരനും ജഗതിയും തിക്കുറിശിയും കല്പനയും കനകദുര്ഗയുമൊക്കെ അഭിനയിച്ച ആ സിനിമയില്‍ ഇന്ദ്രന്‍സും ചെറിയൊരു വേഷം ചെയ്തു. വസ്ത്രാലങ്കാര സഹായിയായി ഇന്ദ്രന്‍സ് തുടക്കമിട്ടതും ആ സിനിമയില്‍ തന്നെ.
സിബി മലയിലിന്റെ സഹസംവിധായകനായിരുന്ന രാജീവ് രംഗന് സംവിധാനം ചെയ്ത ’കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന സീരിയലിലാണ് ഇന്ദ്രന്‍സിന് ശ്രദ്ധേയമായ വേഷം ലഭിക്കുന്നത്. തുടര്‍ന്ന് സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ച് തുടങ്ങി. മാലയോഗത്തിന്റെ സെറ്റില്‍വച്ച് രാജീവ് രംഗനുമായുള്ള പരിചയമാണ് ഇന്ദ്രന്‍സിനെ മിനിസ്ക്രീനിലെത്തിച്ചത്.
ആദ്യ സിനിമയായ ’ഇതും ഒരു ജീവിത’ത്തിന്റെ അസോസിയേറ്റ് ആയിരുന്ന സുരേഷ് ഉണ്ണിത്താനായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ പത്മരാജന്റെയും അസോസിയേറ്റ്. ‘അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രന്‍സിനും ഒരു വേഷം കൊടുക്കണ’മെന്ന സുരേഷ് ഉണ്ണിത്താന്റെ ശുപാർശയിൽ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള തന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും പത്മരാജന് ഇന്ദ്രന്‍സിന് വേഷം നല്കി.
രാജസേനന്റെ സി.ഐ.ഡി ഉണ്ണിക്കൃഷ്ണന് ബി.എ, ബി.എഡ് ആണ് ചിരിവഴിയില്‍ ഇന്ദ്രന്‍സിന് ബ്രേക്കായത്. പിന്നാലെ വന്ന അനിയന് ബാവ ചേട്ടന് ബാവ, കിലുകില് പമ്പരം, ത്രീമെന്‍ ആര്‍മി തുടങ്ങിനിരവധി സിനിമകള്‍ ഇന്ദ്രന്‍സ് തരംഗം തന്നെ സൃഷ്ടിച്ചു.
ഹാസ്യ നടനില്‍ നിന്ന് സ്വഭാവനടനിലേക്കുള്ള ഇന്ദ്രന്‍സിന്റെ ചുവടുവയ്പ്പിന് തുടക്കമിട്ടത് ടി.വി. ചന്ദ്രന്റെ കഥാവശേഷൻ എന്ന ചിത്രത്തിലൂടെയാണ്. അപ്പോത്തിക്കരി, ആളൊരുക്കം, ആട്, ഹോം വേലുക്കാക്ക ഒപ്പ് ക, തൃശൂര്‍പൂരം, കമ്മാര സംഭവം തുടങ്ങിയ സിനിമകളൊക്കെ ഇന്ദ്രന്‍സ് എന്ന അഭിനേതാവിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യത്യസ്തമായ മുഖമാണ് കാണിച്ച് തന്നത്.
ഇന്ദ്രന്‍സ് ഇപ്പോള്‍ അഭിനയിക്കുന്നത് വിനയന് സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലാണ് . പാലക്കാട് അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ കേളുവെന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.
Post Your Comments