തൃശൂര്‍: തൃശൂരില്‍ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷന്‍ മത്സരത്തില്‍ അനു പ്രശോഭിനി ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. അട്ടപ്പാടി സ്വദേശിനിയും ഇരുള സമുദായക്കാരിയുമായ അനു പ്രശോഭിനി അയ്യപ്പനും കോശിയും ഫെയിം നടന് പഴനിസ്വാമിയുടെ മകളാണ്.
സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുന്ന അനു പ്രശോഭിനി ധബാരികുരുവി എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷവും ചെയ്തിരുന്നു. ലോകത്തില്‍ തന്നെ ആദ്യമായി ഗോത്രവര്‍ഗക്കാര്‍ മാത്രം അഭിനയിക്കുന്ന ചിത്രമാണ് ധബാരികുരുവി. അട്ടപ്പാടിയിലെ ഇരുള് ഭാഷയിൽ നിര്‍മ്മിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ സംവിധായകന് ദേശീയ അവാര്‍ഡ് ജേതാവായ പ്രിയനന്ദനാണ്.
‘മിസ് കേരള ഫിറ്റ്നസ്സ് ഫാഷനിലേക്ക് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. തങ്ങളെപ്പോലുള്ളവര്‍ക്ക് ഇങ്ങനെയുള്ള അവസരങ്ങള്‍ ലഭിക്കുന്നത് അപൂർവ്വമാണ്’- അനു പറഞ്ഞു. ഗോത്രവിഭാഗത്തിൽ നിന്ന് മിസ് കേരള ഫിറ്റ്നസ് ഫാഷനിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ആളാണ് അനുപ്രശോഭിനി. പാലക്കാട് മോയൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
അനു പ്രശോഭിനിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. അനു പ്രശോഭിനിയുടെ വരവ് സൗന്ദര്യത്തിന്റെ ചരിത്ര-വര്‍ണ-വംശ-സമുദായ നിര്‍ണയനങ്ങള്‍ അട്ടിമറിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായങ്ങള്‍. അനു പ്രശോഭിനിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്, ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രന് എന്നിവരും രംഗത്തു വന്നിരുന്നു.
Post Your Comments