
കൊച്ചി: 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്. സംഗീത ലോകത്ത് അറുപത് വർഷം തികച്ച യേശുദാസിന് ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ.
‘പാടുന്നത് യേശുദാസ്.. എന്ന് നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് 60 വർഷം തികയുന്നു. ദാസേട്ടൻ നമ്മുടെയെല്ലാം കാതിൽ എവിടെയോ ഒളിച്ചിരിക്കുന്ന പാട്ടുപെട്ടിയാണ്. ഒരുമാത്രയിൽ അത് പാടിത്തുടങ്ങും. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു. എത്രയോ മനുഷ്യർ ദാസേട്ടൻ എന്ന വെൺമേഘത്തിനാപ്പം ആകാശങ്ങൾ താണ്ടുന്നു. പ്രിയ ഗായകാ… ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക. നിത്യഋതുവായി നിലകൊള്ളുക. കാരണം അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്’, മഞ്ജു വാര്യർ കുറിച്ചു.
മമ്മൂട്ടിയും മോഹൻലാലും ആശംസകൾ നേർന്ന് രംഗത്ത് വന്നിട്ടുണ്ട്. ‘കാൽപ്പാടുകൾ’ൽ തുടങ്ങി അറുപത് വർഷമായി തുടരുന്ന സംഗീത സപര്യയ്ക് സാദരം എന്നാണു മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ‘സംഗീതത്തിന്റെ സ്വര്‍ഗ വസന്തമായി അങ്ങു ഞങ്ങളില്‍ പൂത്തു നിറയുന്നു. കഴിഞ്ഞ അറുപത് കൊല്ലങ്ങളായി. ആ ശബ്ദത്തിന്റെ ഏകാന്തതകളില്‍ സ്വര്‍ഗ്ഗം എന്തെന്നറിഞ്ഞു. മനസ്സില്‍ നന്മകള് ഉണര്‍ന്നു. വേദനകള്‍ മറന്നു. അങ്ങനെ എന്റെ എളിയ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി. നന്ദിയോടെ ഓരോ മലയാളികള്‍ക്കുമൊപ്പം ഈ ഹൃദയ സ്പന്ദനങ്ങള്‍ അങ്ങയ്ക്ക് സമര്‍പ്പിക്കട്ടേ. എന്നിട്ട് ഇനിയുമിനിയും കാതോര്ത്തിരിക്കട്ടെ’, മോഹൻലാൽ കുറിച്ചു.
Post Your Comments