കൊച്ചി : മോഹന്‍ലാല്‍ നായകനാകുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ആശങ്കകള്‍ പരിഹരിച്ചുള്ള പുതിയ ടീസര്‍ പുറത്ത്. തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂരിന്റെ സിനിമയിലെ നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ടീസര്‍ പുറത്തിറക്കിയത്. മരക്കാറിന്റെ ഡിസംബര്‍ രണ്ടിലെ റിലീസ് തിയതിയും നിര്‍മ്മാണ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്റണി പെരുമ്പാവൂര്‍, നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാൻ, ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണ്‍ എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് ഉപാധികള്‍ ഇല്ലാതെ മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായത്.
മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാര്‍ മാറും എന്ന വിശ്വാസവും പ്രതീക്ഷയുമുള്ളതിനാലാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കുഞ്ഞാലി വരും. നിങ്ങള്‍ ഓരോരുത്തരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലാല്‍ സാറിന്റെയും പ്രിയദര്ശന് സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കോണ്ടു പോയി.
അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താന്‍ പോവുകയാണ്. നിങ്ങളുടെ ആവേശത്തിനും കൈയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലേക്ക്, മരക്കാര്‍ ഈ വരുന്ന ഡിസംബര്‍ രണ്ടാം തീയ്യതി കടന്നുവരും’- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
‘തിയറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വേണ്ടെന്നു വെച്ചു. എല്ലാവരെയും ഒരുമിപ്പിക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 31 വരെ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു’- മന്ത്രി സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു. പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്.
Post Your Comments