ചെന്നൈ : വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് സൂര്യ നായകനായ ജയ് ഭീം. ആ ചിത്രവും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകമനസ്സിൽ അത്രമേൽ പതിഞ്ഞിരുന്നു എന്നതിനുള്ള തെളിവാണ് ഓരോ ദിവസവും ഈ ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ.
ജയ് ഭീമിന്റെ ക്ലൈമാക്സ് സീനില്‍ കോടതി മുറ്റത്ത് മഴ നനഞ്ഞ് അഭിഭാഷകന് ചന്ദ്രുവിന്റെ മുന്നില്‍ കൈകൂപ്പി നില്ക്കുന്ന സെങ്കെനിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും സിനിമ കണ്ടവരുടെ മനസില്‍ നിന്നും ഇറങ്ങിപോകുന്ന ഒന്നല്ല. ഇപ്പോളിതാ സിനിമയില്‍ സെങ്കെനി എന്ന കഥാപാത്രത്തിന് പ്രചോദനമായ യഥാര്‍ത്ഥ ജീവിതത്തിലെ പാര്‍വതിയ്ക്ക് സഹായം പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് തമിഴ് നടനും കൊറിയോഗ്രഫറുമായ രാഘവ ലോറന്‍സ്.
സിനിമയില്‍ സെങ്കെനി നല്ല വീട്ടിലേയ്ക്ക് താമസം മാറുന്നതായാണ് കാണിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി താമസിക്കുന്നത്.
ഇതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നതിന് പിന്നാലെയാണ് രാഘവ ലോറന്‍സ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ രാഘവ, പാര്‍വതിയ്ക്കും കുടുംബത്തിനും പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു.
‘രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിയ്ക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്കുന്നു’- അദ്ദേഹം പറഞ്ഞു.
Post Your Comments