കൊച്ചി: ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്സിൽ പ്രതികളായ ആറ് കോൺഗ്രസ് നേതാക്കൾ കീഴടങ്ങി. കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ഐ ഷാജഹാന് തുടങ്ങി അഞ്ച് നേതാക്കളാണ് പ്രകടനമായി എത്തി മരട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം പ്രകടനമായി എത്തിയാണ് പ്രതികള്‍ പോലീസിന് മുന്നില്‍ ഹാജരായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു.
‘ജോജു ജോർജ് തങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തങ്ങൾക്കെതിരെയുള്ള പരാതി വ്യാജമാണ്. ജോജു ജോർജ് സിപിഎംന്റെ കരുവായതാണ്, കോൺഗ്രസിന്റെ സമരമായതു കെണ്ടാണ് ജോജു പ്രതികരിച്ചത്’- ടോണി ചമ്മിണി പറഞ്ഞു. ജോജുവാണ് കൊച്ചിയിൽ പ്രശ്നമുണ്ടാക്കിയതെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതിപക്ഷ നേതാവിന് കത്തയച്ചു.
കഴിഞ്ഞ ഒന്നിന് കൊച്ചിയിൽ ഇടപ്പളളി –വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തു. ശേഷിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുളളവരാണ് മരട് പൊലീസിൽ കീഴടങ്ങിയത്.
Post Your Comments