Coming SoonLatest NewsNEWS

രാഷ്ട്രീയ പകപോക്കലിൽ അനാഥമാകുന്ന കുടുംബങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയുമായി സിബി മലയിൽ ചിത്രം ‘കൊത്ത്’

മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലായി പുരോഗമിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തും നടന്നുമായ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നുള്ള ഗോൾഡ് ക്വയിൻ മോഷൻ പിക്‌ചേഴ്‌സ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും ഏറെ പ്രാധാന്യം നിറഞ്ഞതാണ്.

മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, മുൻ നിരയിലേക്കെത്തുന്ന റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിലാ വിമലാണ് നായിക.

ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്. രാഷ്ട്രീയ പകപോക്കലിൽ അനാഥമാകുന്ന കുടുംബങ്ങൾ സമൂഹത്തിലുണ്ട്. ഇതാവർത്തിക്കരുതെന്നാണ് ഈ ചിത്രം പറയുന്നത്. ഒപ്പം കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ, നഷ്ടം, വേദന, പ്രണയം എന്നിവയെല്ലാം കഥക്ക് അകമ്പടിയായി എത്തുന്നുണ്ട്.

ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. രഞ്ജിത്ത് ഈ ചിത്രത്തിൽ സുപ്രധാനമായ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജിലേഷ്, ശ്രീലഷ്മി, ശ്രിനിത്ത് രവി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം ആറു തവണ കരസ്ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.

കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ – സമീരാസ നിഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അപ്പുബാമ്ഷ, പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അഗ്‌നിവേശ് രഞ്ജിത്ത്.

വാഴൂർ ജോസ്
ഫോട്ടോ – ബിജിത്ത് ധർമ്മടം.

shortlink

Related Articles

Post Your Comments


Back to top button