ചെന്നൈ : തമിഴ് നാട്ടിലെ പ്രമുഖ നിർമ്മാതാവാണ് കെ. രാജൻ. നിർമ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ പരസ്യമായി വിമർശിക്കെ മമ്മൂട്ടിയെ കയ്യെടുത്ത് തൊഴാൻ തോന്നുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കയാണ് സമൂഹമാധ്യമങ്ങൾ.
കെ. രാജന്റെ വാക്കുകൾ :
‘മേക്കപ്പ് ചെയ്യാനുള്ള ആളെ ബോംബേയിൽ നിന്നും കൊണ്ടു വരണം. ഞങ്ങൾ നിർമാതാക്കൾ എന്തുചെയ്യും. ഞങ്ങൾ തെരുവിലാകുന്ന അവസ്ഥയാണ്. ആർക്ക് വേണ്ടിയാണ് ഞങ്ങൾ പടം എടുക്കേണ്ടത്. ഒരു സിനിമാ ചെയ്താൽ 10 ശതമാനം എങ്കിലും ലാഭം കിട്ടണം. പോട്ടെ, മുടക്ക് മുതൽ എങ്കിലും തിരിച്ചു കിട്ടണ്ടേ. അങ്ങനെ ഉണ്ടെങ്കിലല്ലേ ഞങ്ങൾക്ക് വീണ്ടും സിനിമ എടുക്കാൻ പറ്റൂ. നഷ്ടം ഇല്ലെങ്കിൽ ആ നിർമ്മാതാവ് വീണ്ടും പടമെടുക്കും. നൂറ് പേർക്ക് ജോലി കിട്ടും. താരങ്ങൾക്ക് ജോലി കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികൾക്ക് ജോലി കിട്ടണം അതാണ് മുഖ്യം. ഇപ്പോൾ കാരവാൻ ഇല്ലാതെ പലർക്കും പറ്റില്ല. ഞാൻ എല്ലാവരെയും പറയുന്നില്ല. രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും. ചിലർക്ക് ഫോണിൽ സംസാരിക്കാൻ തന്നെ മണിക്കൂറുകൾ വേണം.
ഇങ്ങനെയൊക്കെ കാണുമ്പോഴാണ് ഒരാളെ കയ്യെടുത്ത് തൊഴാൻ തോന്നുന്നത്. അയാൾ ഇവിടുത്തുകാരനല്ല കേരളക്കാരനാണ്. നമ്മുടെ സഹോദര നാട്ടുകാരനാണ്. മമ്മൂട്ടിയെന്ന പേരിൽ ഒരാളുണ്ട്. സൂപ്പർ സ്റ്റാറാണ്. അദ്ദേഹം സ്വന്തം കാരവാനിൽ വരും. തമിഴ് നാട്ടിലാണ് ഷൂട്ടിങ്ങെങ്കിലും ആ വണ്ടിയിൽ വരും. ഡ്രൈവറുടെ ബാറ്റ, ഡീസൽ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിർമ്മാതാവിന്റെ തലയിൽ കൊണ്ട് വയ്ക്കില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണോ വേണ്ടയോ’.
Post Your Comments