GeneralLatest NewsNEWS

പുനീത് രാജ്‍കുമാറിന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിൽ സിനിമാലോകം

ബംഗളുരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിന്റെ അപ്രതീക്ഷിത മരണമേല്പിച്ച നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പുനീതിനെ പ്രവേശിപ്പിച്ചെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ആരാധകര്‍ക്കിടയില്‍ അപ്പു എന്നറിയപ്പെടുന്ന പുനീത് കന്നട സിനിമാലോകത്തെ പവര്‍ സ്റ്റാര്‍ എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. പുനീതിന്റെ മരണത്തിൽ അനുശോചനം അറിയിക്കുകയാണ് സിനിമാലോകം. നാല്‍പ്പത്തിയാറുകാരനായ പുനീതിന്റെ മരണം വിശ്വസിക്കാനാവുന്നില്ല എന്നാണ് സഹപ്രവര്‍ത്തകരുടെ പ്രതികരണം. മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, ഭാവന, ടൊവിനോ തോമസ്, നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, ഗിന്നസ് പക്രു തുടങ്ങി നിരവധി പേര്‍ പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.

‘നടുക്കത്തോടെയും വേദനയോടെയുമാണ് പുനീതിന്റെ മരണവാര്‍ത്ത കേട്ടത്. സിനിമാലോകത്തിനു തന്നെ വലിയൊരു നഷ്ടമാണിത്. പുനീതിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവരുടെയും ദുഖത്തില്‍ പങ്കുചേരുന്നു’- മമ്മൂട്ടി കുറിച്ചു.

‘ഒരുപാട് വര്‍ഷങ്ങളായി അറിയാവുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഇരുപതാം വയസ്സ് മുതല്‍ അറിയാം. അദ്ദേഹത്തിന്റെ കുടുംബവുമായും സുഹൃത്തുക്കളുമായും അടുത്ത ബന്ധമുണ്ട്. വളരെ വൈകാരികമായ ബന്ധമുണ്ട്. ഒട്ടും തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വാര്‍ത്തയാണ്’ – മോഹന്‍ലാല്‍ പറഞ്ഞു.

പുനീതിന്റെ നായികയായി മൂന്നു സിനിമകളില്‍ ഒന്നിച്ച്‌ അഭിനയിച്ച ഭാവനയും മരണവാര്‍ത്ത കേട്ട നടുക്കത്തിലാണ്. പുനീതിനൊപ്പമുള്ള വീഡിയോയും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ഭാവന പങ്കുവച്ചിരിക്കുന്നു. ‘അപ്പൂ. ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്, എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്! കന്നഡയിലെ എന്റെ ആദ്യ നായകന്‍, എന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരില്‍ ഒരാള്‍. മൂന്നു സിനിമകള്‍ ഒന്നിച്ചഭിനയിച്ചു. ഒരുപാട് ഓര്‍മകള്‍, ചിരികള്‍ അവയെല്ലാം നിന്നോടൊപ്പം എന്നും നിലനില്‍ക്കും. നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും, നേരത്തെ പോയി കളഞ്ഞല്ലോ’- ഭാവന കുറിച്ചു.

‘പറയാന്‍ വാക്കുകളില്ല. ഞാന്‍ തകര്‍ന്നു പോയിരിക്കുന്നു. അപ്പൂ എന്താണിത്? എന്തിനാണ് ഞങ്ങളുടെ ഹൃദയം തകര്‍ത്തുകളഞ്ഞ് നീ പോയത്? തിരിച്ചുവരൂ അപ്പൂ. രത്നം പോലെയുള്ള നീ തീര്‍ച്ചയായും ഞങ്ങള്‍ക്ക് ചുറ്റുമുണ്ടായിരിക്കണം’- എന്നാണ് വേദനയോടെ ഖുശ്ബു കുറിച്ചത്.

‘ഇത് വല്ലാതെ വേദനിപ്പിക്കുന്നു. വിട, സൂപ്പര്‍സ്റ്റാര്‍, നിത്യശാന്തി നേരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദശലക്ഷകണക്കിന് ആരാധകര്‍ക്കും ഈ വേദനയെ താങ്ങാനുള്ള കരുത്തുണ്ടാവട്ടെ’- പൃഥ്വി കുറിച്ചു.

‘വല്ലാതെ വേദിക്കുന്നു, അത് പറഞ്ഞറിയിക്കാനാവില്ല’- എന്നാണ് പുനീതിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ പാര്‍വതി കുറിച്ചത്.

‘ഏറ്റവും ദയയും ഊഷ്മളതയുമുള്ള അഭിനേതാവും ജെന്റില്‍മാനും. പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ കടലുപോലെ കിടക്കുന്ന ആരാധകസമൂഹത്തിനും നികത്താനാവാത്ത ഈ നഷ്ടത്തെ അതിജീവിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’- നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

‘വളരെ എളുപ്പത്തില്‍ പോയി കളഞ്ഞല്ലോ ബ്രദര്‍’- എന്നാണ് ആദരാഞ്ജലി അര്‍പ്പിച്ച്‌ ടൊവിനോ തോമസ് കുറിക്കുന്നത്.

‘ചിലപ്പോള്‍ നാം നിമിഷങ്ങളെ വിലമതിക്കാറില്ല, അത് ഇല്ലാതാകുന്നതുവരെ. അപ്പു, വളരെ സ്നേഹമുള്ള ഒരു നല്ല മനുഷ്യനായിരുന്നു. വലിയ വേദനയാണിത്, തീരാനഷ്ടവും’- രാധികാ ശരത്കുമാര്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button