മുംബൈ: മയക്കുമരുന്ന് കേസിൽ മകന് ആര്യന് ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്. ആര്യൻ ജയിലിലായ ശേഷം പൊതുവേദികളിൽ എത്താത്ത ഷാരൂഖ്, വ്യാഴാഴ്ച തന്റെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മുംബൈ, ബാന്ദ്രയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിലായിരുന്നു ഇവരുടെ ഒത്തുചേരൽ. ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഈ കൂടിച്ചേരലിന്റെ ആയിരുന്നു.
അഭിഭാഷകന് സതീഷ് മനെഷിന്‍ഡെയും അദ്ദേഹത്തിന്റെ ടീമുമാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങളില്‍. ആര്യന് ഖാനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയും മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു.
ആര്യന്റെ അഭിഭാഷക സംഘം ജാമ്യം കിട്ടിയതിനുപിന്നാലെ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ‘ആര്യൻ ഖാനെ ഒടുവിൽ ഹൈക്കോടതി ജാമ്യത്തിൽ വിട്ടയച്ചു. 2021 ഒക്ടോബർ 2-ന് കസ്റ്റഡിയിലെടുത്ത ആദ്യ നിമിഷം മുതൽ ഞങ്ങൾ ഉയർത്തിയ, ആര്യൻ മയക്കുമരുന്ന് കൈവശം വെച്ചിട്ടില്ല, തെളിവില്ല, ഉപഭോഗമില്ല, ഗൂഢാലോചനയില്ല എന്ന ഞങ്ങളുടെ വാദം കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്’- പ്രസ്താവന പറയുന്നു.
അതേസമയം 21 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ആര്യന് ഖാന് ജയില്‍ മോചിതനാകുന്നത്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.
Post Your Comments