ഹൈദരാബാദ്: ചെയ്ത ജോലിക്ക് പണം ലഭിച്ചില്ലെന്നാണ് പരാതിയുമായി പ്രശസ്ത നടി തമന്ന ഭാട്ടിയ കോടതിയില്‍. ടെലിവിഷന്‍ ഷോ നിര്‍മാതാക്കളായ മാസ്റ്റര്‍ഷെഫ് തെലുങ്കുവിന് എതിരേയാണ് തമന്ന ഭാട്ടിയ ബെംഗളൂരു കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്നാല്‍ നടി കരാറില്‍ നിന്ന് പിന്‍മാറിയെന്നും അഞ്ച് കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായി എന്നും കാണിച്ച് മാസ്റ്റര്‍ഷെഫ് തമന്നയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. അവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.
തമന്ന ഭാട്ടിയയെ വച്ചാണ് പാചക റിയാലിറ്റി ഷോ നടത്താന്‍ മാസ്റ്റര്‍ഷെഫ് തെലുങ്കു തീരുമാനിച്ചിരുന്നത്. ഒട്ടേറെ ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തമന്നയെ ഷോയില്‍ നിന്ന് ഒഴിവാക്കി പകരം അനസുയ ഭരദ്വാജിനെ വച്ച് ഷോ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് തമന്ന നിയമ നടപടി ആലോചിച്ചത്. തമന്നയെ ഷോയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ആരാധകര്‍ രംഗത്തു വന്നു. വലിയ വിവാദങ്ങളിലേക്കാണ് കേസ് പോകുന്നത്.
അതേസമയം, തമന്ന കാരണം കമ്പനിക്ക് വലിയ നഷ്ടമുണ്ടായി എന്ന് ആരോപിച്ച് മാസ്റ്റര്‍ഷെഫ് അണിയറ പ്രവര്‍ത്തകരായ ഇന്നൊവേറ്റീവ് ഫിലിം അക്കാദമി (ഐഎഫ്‌എ) ബെംഗളൂരു കോടതിയെ സമീപിച്ചു.
കമ്പനിയുടെ ആരോപണം :
‘തമന്നയ്ക്ക് ഇതുവരെ അഭിനയിച്ചതിനുള്ള പണം കൈമാറിയിട്ടുണ്ട്. അവര്‍ ഇനിയും കൂടുതല്‍ പണവും അടുത്ത ഷോയിലേക്കുള്ള അഡ്വാന്‍സും ചോദിക്കുകയാണ്. 18 ഷൂട്ടിങ് ദിനങ്ങളുണ്ടാകുമെന്നാണ് തമന്നയുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞിരുന്നത്. ജൂണ്‍ 24 മുതല്‍ സെപ്തംബര്‍ അവസാനം വരെ ആണ് സമയം നിശ്ചയിച്ചിരുന്നത്. നടിക്ക് രണ്ട് കോടി രൂപ നല്‍കാനാണ് ധാരണ. ഇക്കാര്യങ്ങളെല്ലാം കരാറില്‍ പറഞ്ഞതാണ്. 16 ദിവസത്തെ ഷൂട്ടിങിനുള്ള കൂലിയായി ഒന്നര കോടി രൂപ തമന്നയ്ക്ക് നല്‍കി. എന്നാൽ തമന്ന ഇപ്പോള്‍ വാക്കുമാറുകയാണ്. അവര്‍ ബാക്കി ഷൂട്ടിങിന് എത്തുന്നില്ല. മറ്റു ഷൂട്ടിങുകള്‍ക്ക് അവര്‍ നിര്‍മാണ കമ്പനികളുമായി കരാറിലെത്തുകയും ചെയ്തു. ഷൂട്ടിങ് രണ്ടു ദിവസമാണ് ബാക്കിയുള്ളത്. അത് കഴിഞ്ഞാല്‍ പണം മുഴുവനായി തരാം എന്ന് ഞങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങിന് തമന്ന ഇതുവരെ വന്നില്ല. അതുകൊണ്ട് വലിയ നഷ്ടമാണ് കമ്പനിക്കുണ്ടായത്.
ഷൂട്ടിങ് സെപ്തംബര്‍ അവസാനത്തില്‍ തീര്‍ക്കാമെന്നാണ് ധാരണയുണ്ടായിരുന്നത്. സെപ്തംബര്‍ കഴിഞ്ഞിട്ടും ഷൂട്ടിങ് തീര്‍ന്നില്ല. അത് തമന്ന കാരണമാണ്. ഷൂട്ടിങിനും ജോലിക്കാര്‍ക്കുമായുള്ള ചെലവിലേക്ക് അഞ്ച് കോടിയാണ് കമ്പനിക്ക് നഷ്ടം വന്നിട്ടുള്ളത്. 300ലധികം ജീവനക്കാരാണ് കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഷോയുടെ ഫിനാലെ ഷൂട്ടിങ് ആണ് നടക്കാനുള്ളത്. ഇതുവരെ അത് നടന്നിട്ടില്ല. രണ്ടാം സീസണിലേക്കുള്ള തുക മുന്‍കൂറായി തമന്ന ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ രണ്ടാം സീസണ്‍ തുടങ്ങാന്‍ ആലോചിചിട്ടില്ല. ഇനി നടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കരാര്‍ ലംഘനത്തിന് കോടതിയെ സമീപിച്ചത്. ധാരണ ലംഘിച്ചാല്‍ കോടതിയെ സമീപിക്കാമെന്ന് കരാറിലുള്ളതാണ്’- കമ്പനി വിശദീകരിക്കുന്നു
Post Your Comments