മുംബൈ : നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത് മുതൽ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്ന എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയ്ക്ക് എതിരെ എന്‍സിബി ഉദ്യോഗസ്ഥന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന് റിപ്പോർട്ട്.
പേര് വെളിപ്പെടുത്താതെയാണ് എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സമീര്‍ ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങളുള്ള കത്ത് മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കാണ് പുറത്തു വിട്ടത്.
‘സമീര്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ താരങ്ങളെ ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടി. അഭിഭാഷകനായ അയാസ് ഖാന്‍ മുഖേനയാണ് പണം കൈപറ്റിയിരുന്നത്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീര്‍ വാങ്കഡെയ്ക്ക് ബന്ധമുണ്ട്. ലഹരിമരുന്ന് ഇടപാടുകാരില്‍ നിന്ന് വാങ്ങിയ ലഹരിമരുന്നാണ് തൊണ്ടിയായി പിടിക്കുന്നത്’-ഇങ്ങനെയുള്ള 26 കേസുകളുടെ വിവരങ്ങള്‍ കത്തില്‍ പറയുന്നു. സമീര്‍ വാങ്കഡെയ്ക്കൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരിലാണ് കത്ത്. കത്ത് എന്‍സിബി തലവന് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക്ക് അറിയിച്ചു.
Post Your Comments