കൊച്ചി : അടുത്ത വീട്ടിലെ കുട്ടിയോട് തോന്നുന്ന സ്നേഹമാണ് നടി അനന്യയോട് പ്രേക്ഷകരുടെയുള്ളില്‍. കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങി നിന്ന താരം ഒരിടയ്ക്ക് മലയാളത്തില്‍ നിന്ന് മാറി അന്യഭാഷയില്‍ സജീവമായി. അവിടെയുള്ളവരുടെ സ്നേഹവും പിടിച്ച് പറ്റി വീണ്ടും മലയാളത്തിലെത്തി. വീണ്ടും മുങ്ങി. അങ്ങനെ ഇടക്കിടെയുള്ള ഒളിച്ചു കളിക്ക് ശേഷം അനന്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് പൃഥ്വിരാജ് നായകനായെത്തുന്ന ‘ഭ്രമം’ എന്ന ചിത്രത്തിലൂടെ. ഭ്രമം പ്രേക്ഷകരിലേക്കെത്തുമ്പോള്‍ ആദ്യ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുന്ന പുതുമുഖത്തിന്റെ പരിഭ്രമമുണ്ട് അനന്യയുടെ വാക്കുകളില്‍. ഒപ്പം വാനോളം പ്രതീക്ഷകളും.
മലയാളത്തില്‍ ഇടയ്ക്ക് ഒരു ബ്രേക്ക് വന്നപ്പോള്‍ പ്രേക്ഷകര്‍ തന്നെ മറന്നു പോയോ എന്നായിരുന്നു അനന്യയുടെ ചിന്ത. എന്നാല്‍ ’ഭ്രമം’ ഇറങ്ങിയതോടെ അത്രയധികം സ്നേഹാന്വേഷണങ്ങളാണ് അനന്യയെ തേടിയെത്തിയത്. അതോടൊപ്പം എവിടെയായിരുന്നു ഇതുവരെ എന്ന ചോദ്യവും. മാറി നിന്ന കാലത്തെക്കുറിച്ച്, ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മലയാള സിനിമയെക്കുറിച്ച് അനന്യ സംസാരിക്കുന്നു.
‘മലയാള സിനിമയില്‍ കുറച്ചു കാലം ഇടവേളയുണ്ടായിരുന്നു. ആ സമയത്തിനു ശേഷം പെട്ടെന്നൊരു നാള് എന്റെ ഒരു പടം മലയാളത്തില്‍ വന്നതിന്റെ എക്സൈറ്റ്മെന്റ് ഓരോ നിമിഷവും ഉണ്ടായിരുന്നു. ചെറിയൊരു വേഷമാണ് എങ്കില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ഒരു സാന്നിദ്ധ്യം ആ കഥാപാത്രത്തിനുണ്ടായിരുന്നു. എനിക്ക് കിട്ടുന്ന പ്രതികരണങ്ങളും നല്ലതാണ്. അതിന്റേതായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും അന്യഭാഷകളില്‍ എന്റെ ഒരു ചിത്രമെങ്കിലും റിലീസ് ആവുന്നുണ്ട്. എന്നാല്‍ ’ഭ്രമം’ അതേ പോലെയല്ല. കാരണം ഏറെക്കാലത്തിനു ശേഷം ഞാന്‍ എന്റെ ഭാഷയിലേക്ക് തിരിച്ചു വരികയാണ്. കുറേ നാളുകള്‍ക്ക് ശേഷമാണ് അങ്ങനെ ഒരു അനുഭവം. ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു സിനിമ, മലയാളത്തിലും ഈ സിനിമ അതേ പോലെ സ്വീകരിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ട്’- അനന്യ പറഞ്ഞു.
Post Your Comments