കൊച്ചി : മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന് ജിഷിന്. നിരവധി സിരീയലുകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്ന ജിഷിന് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടി വരദയെയാണ് വിവാഹം ചെയ്തത്. എവിടെയെങ്കിലും എന്തെങ്കിലും സംഭവം നടന്നാല്‍ സിനിമാ സീരിയല്‍ താരങ്ങളുടെ പേരുകള്‍ക്ക് ആ സംഭവവുമായി ബന്ധപ്പെട്ടവരുടെ പേരുകളുമായി സാമ്യമുണ്ടെങ്കില്‍ സിനിമാ താരങ്ങളുടെ ഫോട്ടോകള്‍ അടക്കം ഉള്‍പ്പെടുത്തി അവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പലപ്പോഴും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ചിലരുടെ പ്രവൃത്തികള്‍ മൂലം വലയുകയാണ് നടന് ജിഷിന് ഇപ്പോൾ.
ഗായത്രി സുരേഷിന്റെ വാഹനാപകട സമയത്ത് താരത്തിനൊപ്പം സഞ്ചരിച്ചത് സീരിയല്‍ താരം ജിഷിന് ആണെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താന്‍ അറിഞ്ഞിട്ടു പോലുമില്ലാത്ത സംഭവത്തിലേക്കാണ് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതെന്നുമാണ് ജിഷിന് സോഷ്യല്‍ മീഡിയയില്‍ ലൈവിലെത്തി പറഞ്ഞത്. തനിക്കും കുടുംബവും പ്രായമായ അമ്മയുമുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ അവര്‍ക്ക് വലിയ വേദനയാണുണ്ടാക്കുന്നതെന്നുമാണ് ജിഷിന് പറഞ്ഞത്.
ജിഷിന്റെ പോസ്റ്റ് :
‘എല്ലാവര്ക്കും നമസ്കാരം…. കുറച്ചുനാളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്ക്കുകയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ലൈവ് വരാന്‍ കാരണം ഗായത്രി സുരേഷിന്റെ കാര്‍ അപകടത്തില്‍ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങള്‍ ആണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് എന്റെ പേര് ഉയര്‍ന്നു കേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാന്‍ ആ പ്രശ്നം വിട്ടതാണ്. ഞാന്‍ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം. അതല്ല കോമഡി, ഞാന്‍ ഈ ലിങ്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേള്‍ക്കുന്നുണ്ട് എന്ന് ഞാന്‍ അവളോട് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അത് വിശ്വസിക്കുകയില്ല എന്നാണ് അവള് പറഞ്ഞത്. സംഭവത്തിന് ശേഷം കുറെ ആളുകള്‍ എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഞാന്‍ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാര്‍ത്തകള്‍ക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കള്‍ പോലുമല്ല. വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കുടുംബ പ്രേക്ഷകര്‍ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. അത് ദയവായി മോശം ഹെഡിങ്ങുകള്‍ ഇട്ട് നശിപ്പിക്കരുത്. പ്രായമായ അമ്മയുണ്ട്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ലൈവില്‍ വന്നതും. ദയവ് ചെയ്ത് ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കൊടുക്കരുത്’- ജിഷിന് പറഞ്ഞു.
Post Your Comments