GeneralLatest NewsMollywoodNEWS

ആനക്കാട്ടിൽ ചാക്കോച്ചി : ഇരട്ടച്ചങ്കൻ്റെ ജീവിതത്തിന് 24 വയസ്

മണർകാട് പാപ്പൻ എന്ന മദ്യരാജാവിൻ്റെ ജീവിതത്തിലെ ചില അംശങ്ങളിൽ നിന്നും ചീന്തിയെടുത്തവ ചേർത്താണ് രൺജി പണിക്കർ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന മദ്യരാജാവിനെ ഒരുക്കിയെടുത്തത്

1997 ഒക്ടോബർ 18ന് വെള്ളിത്തിരയിലെത്തിയ ഉശിരൻ കഥാപാത്രം… ക്യാപ്റ്റൻ ജേക്കബ് സ്റ്റീഫൻ ,ആനക്കാട്ടിൽ ചാക്കോച്ചി … ആനക്കാട്ടിൽ ഈപ്പച്ചൻ്റെ ഇരട്ടച്ചങ്കുള്ള മകൻ …. പുതിയ വേഷവും പുതിയ ഭാവവും പുതിയ കരുത്തുമായി എത്തിയ അച്ചായൻ കഥാപാത്രം. ജോഷി – രൺജി പണിക്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലേലത്തിലെ കഥാപാത്രം സുരേഷ് ഗോപി എന്ന താരത്തിന് നൽകിയ മൈലേജ് വളരെ വലുതായിരുന്നു. ഒരു പക്ഷേ മമ്മൂട്ടി പകർന്നാടിയ അച്ചായൻ വേഷങ്ങളുടെ മുമ്പിൽ കയറി ഉശിരോടെ നിന്ന് കരളുറപ്പു കാട്ടുന്നവനായിരുന്നു ആനക്കാട്ടിൽ ചാക്കോച്ചി

കോട്ടയം ജില്ലയിലെ മണർകാട് പാപ്പൻ എന്ന മദ്യരാജാവിൻ്റെ ജീവിതത്തിലെ ചില അംശങ്ങളിൽ നിന്നും ചീന്തിയെടുത്തവ ചേർത്താണ് രൺജി പണിക്കർ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന മദ്യരാജാവിനെ ഒരുക്കിയെടുത്തത്. മദ്യപിക്കാത്ത, സഹജീവികളോട് കരുണ കാട്ടുന്ന, പള്ളിയോടും അധികാരികളോടും കലഹിക്കുന്ന ഈപ്പച്ചനെ അവിസ്മരണീയമാക്കിത്തീർത്താണ് സോമൻ എന്ന നടൻ കടന്നു പോയത്… ഈപ്പച്ചൻ്റെയും മകൻ ചാക്കോച്ചിയുടെയും ഇഴയടുപ്പത്തെ ഹൃദ്യമായിത്തന്നെ ലേലം അനാവരണം ചെയ്യുന്നുണ്ട്. ഈപ്പച്ചൻ്റെ കൊലപാതകികളെത്തേടി ചാക്കോച്ചി നടത്തുന്ന യാത്രകൾ ലേലത്തെ അതീവ സംഘർഷഭരിതമാക്കി മാറ്റുന്നുണ്ട്

read also: കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഓര്‍മ്മയായിട്ട് ഇന്ന് 35 വര്‍ഷം പൂര്‍ത്തിയാകുന്നു

‘ടോ മൂപ്പീ ന്ന, ദാ യെവനേം കെട്ടിയെടുത്തോണ്ട് ചാക്കോച്ചി ആണ്ടിപ്പെട്ടി വരെ വന്നത് തിരിച്ചു പോകാൻ തന്നാ .തിരിച്ചു പോകാൻ ചങ്കുറപ്പുള്ളതുകൊണ്ട് തന്നാ എന്നാ’ എന്നു പറയുന്ന ‘ടാ ഒരൊറ്റ കീറങ്ങ് തന്നാലുണ്ടല്ലോ’ എന്ന് പറഞ്ഞ് കൈ വീശുന്ന, ‘നിൻ്റെയൊക്കെ സമയമാകുന്ന തേ ഉള്ളു കള്ളക്കടയാടി മോനേ’ എന്ന് വില്ലൻമാരോട് ആക്രോശിക്കുന്ന ചാക്കോച്ചി തിയറ്ററിൽ ഇടിമുഴക്കങ്ങളാണ് സൃഷ്ടിച്ചത്… കുടുംബ ബന്ധങ്ങളും രാഷ്ട്രിയവും മദ്യവ്യാപാരവുമെല്ലാം കൂടി ചേർന്ന് സൃഷ്ടിക്കപ്പെട്ട ലേലം അക്കൊല്ലത്തെ ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു .. സോമൻ മുതൽ എൻ.എഫ് വർഗ്ഗീസ് വരെയുള്ള താരങ്ങളുടെ ഡയലോഗുകൾ പോലും പുതിയ തലമുറയിലെ ആളുകൾ വരെ ഓർത്തിരിക്കുന്നു

സുരേഷ് ഗോപിയുടെ താരമൂല്യത്തെ വൻതോതിൽ ഉയർത്തിയ ലേലം മലയാള സിനിമയ്ക്കും വലിയൊരു ഉണർച്ചയാണ് നൽകിയത്. ആൺ കരുത്തിൻ്റെ പ്രതീകമായ ആനക്കാട്ടിൽ ചാക്കോച്ചി തിര മലയാളത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നു തന്നെയാണ്. പുതിയ കാലത്തും പ്രേക്ഷകർ ആവർത്തിച്ചു കാണുന്ന സുരേഷ് ഗോപി സിനിമകളിലൊന്നു കൂടിയാണ് ലേലം . കോട്ടയത്തെ അടയാളപ്പെടുത്തുന്ന അച്ചായൻ കഥാപാത്രങ്ങളുടെ ഒന്നാം നിരയിൽ നിൽക്കുന്ന കഥാപാത്രമാണ് ചാക്കോച്ചി . ടെലിവിഷൻ ചാനലുകൾ ആഘോഷിച്ച ചാക്കോച്ചിയെ പിന്നീട് മിമിക്രിക്കാരും തുടർന്ന് ട്രോൾ ഗ്രൂപ്പുകാരും അത്യ ഘോഷമാക്കി മാറ്റി

കുന്നേൽ കുടുംബത്തെയും കടയാടി ഗ്രൂപ്പിനെയും നേർക്കുനേർ വെല്ലുവിളിച്ച ആനക്കാട്ടിൽ ചാക്കോച്ചി സിനിമാ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. അതു കൊണ്ടു തന്നെയാണ് രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കർ ലേലം 2 അനൗൺസ് ചെയ്തപ്പോൾ മലയാളികൾ ആവേശം കൊണ്ടതും …..

മലയാളത്തിലെ മറ്റു സൂപ്പർ താരങ്ങളുടെ അച്ചായൻ കഥാപാത്രങ്ങളുടെ മുമ്പിൽ കയറി നിന്ന് താനാണ് ഒന്നാമൻ എന്നു വിളിച്ചു പറഞ്ഞ ഇരട്ടച്ചങ്കൻ കൂടിയാണ് ആനക്കാട്ടിൽ ചാക്കോച്ചി .. കാവൽ പോലൊരു സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകൻ്റെ ഉള്ളിൽ ഉണർന്നിരിക്കുന്ന ചാക്കോച്ചിയെക്കൂടി കണ്ടെത്താവുന്നതാണ്.

രശ്മി അനിൽ

shortlink

Related Articles

Post Your Comments


Back to top button